Asianet News MalayalamAsianet News Malayalam

വെടിക്കെട്ട് ഫിനിഷിംഗ്; ജഡേജയുടെ ചുമലിലേറി ചെന്നൈ തലപ്പത്ത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജഡേജയുടെ വെടിക്കെട്ടിനൊടുവില്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റിന്‍റെ ജയത്തിലെത്തുകയായിരുന്നു

IPL 2021 CSK vs KKR Ravindra Jadeja gave Chennai Super Kings 2 wkts nail biter win
Author
Abu Dhabi - United Arab Emirates, First Published Sep 26, 2021, 7:37 PM IST
  • Facebook
  • Twitter
  • Whatsapp

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍((IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) അവസാന പന്തില്‍ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) രവീന്ദ്ര ജഡേജയുടെ(Ravindra Jadeja) വെടിക്കെട്ടിനൊടുവില്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ജഡേജ എട്ട് പന്തില്‍ 22 റണ്‍സെടുത്തു. 20-ാം ഓവറില്‍ നാല് റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ നരെയ്‌നാണ് മത്സരം അവസാന പന്തിലേക്ക് നീട്ടിയത്. സ്‌കോര്‍- കൊല്‍ക്കത്ത: 171/6 (20), ചെന്നൈ: 172/8 (20). 

ചെന്നൈക്ക് തുടക്കം ഗംഭീരം

മറുപടി ബാറ്റിംഗില്‍ കരുതലോടെ ആക്രമിച്ച് ഫാഫ് ഡുപ്ലസിസും റുതുരാജ് ഗെയ്‌ക്‌വാദും ചെന്നൈക്ക് മികച്ച തുടക്കം നല്‍കി. ഇതോടെ ടീം പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 52 റണ്‍സെടുത്തു. ഒന്‍പതാം ഓവറില്‍ ആന്ദ്രേ റസലാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 28 പന്തില്‍ 40 റണ്‍സെടുത്ത റുതുരാജിനെ മോര്‍ഗന്‍ ക്യാച്ചില്‍ മടക്കി. എന്നാല്‍ ക്രീസിലൊന്നിച്ച മൊയീന്‍ അലിക്കൊപ്പം ഡുപ്ലസിസ് അടിതുടര്‍ന്നു. ഇതോടെ 11-ാം ഓവറില്‍ ചെന്നൈ 100 കടന്നു. 

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പ്രസിദ്ധിന്‍റെ പന്തില്‍ ഡുപ്ലസിയെ(30 പന്തില്‍ 43) തകര്‍പ്പന്‍ ക്യാച്ചില്‍ ഫെര്‍ഗ്യൂസണ്‍ മടക്കി. നാലാമനായി ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിന്(9 പന്തില്‍ 10) തിളങ്ങാനായില്ല. റായുഡുവിനെ നരെയ്‌ന്‍ ബൗള്‍ഡാക്കുകയായിരുന്നു. 28 പന്തില്‍ 32 റണ്‍സെടുത്ത അലിയെ 17-ാം ഓവറില്‍ ഫെര്‍ഗ്യൂസണ്‍ പുറത്താക്കിയതോടെ കളി മാറുമെന്ന് തോന്നിച്ചു. വരുണ്‍ ചക്രവര്‍ത്തിയുടെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ റെയ്‌ന(7 പന്തില്‍ 11) റണ്ണൗട്ടായപ്പോള്‍ മൂന്നാം പന്തില്‍ എം എസ് ധോണി(4 പന്തില്‍ 1) ബൗള്‍ഡായി. 

ജഡേജയുടെ വെടിക്കെട്ട്, നരെയ്‌ന്‍റെ വെല്ലുവിളി

എന്നാല്‍ പിന്നീട് കണ്ടത് രവീന്ദ്ര ജഡേജ ബാറ്റിംഗ് കൊടുങ്കാറ്റാകുന്നതാണ്. 19-ാം ഓവറില്‍ പ്രസിദ്ധിനെ രണ്ട് വീതം ഫോറും സിക്‌സറും സഹിതം 22 റണ്‍സിന് ശിക്ഷിച്ച് ജഡേജ അവസാന ഓവറിലെ ലക്ഷ്യം നാലായി കുറച്ചു. എന്നാല്‍ നരെയ്‌ന്‍റെ ആദ്യ പന്തില്‍ തന്നെ സാം കറന്‍(4 പന്തില്‍ 4) നാഗര്‍കോട്ടിയുടെ ക്യാച്ചില്‍ അവസാനിച്ചു. അഞ്ചാം പന്തില്‍ ജഡേജ(എട്ട് പന്തില്‍ 22) എല്‍ബിയായെങ്കിലും അവസാന പന്തില്‍ സിംഗിളെടുത്ത് ചഹാര്‍ ചെന്നൈയെ രണ്ട് വിക്കറ്റിന്‍റെ ജയത്തിലെത്തിച്ചു. ഠാക്കൂറും(3), ചഹാറും (1*) പുറത്താകാതെ നിന്നു. 

മോശമാക്കി മോര്‍ഗന്‍ 

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സെടുത്തു. രാഹുല്‍ ത്രിപാഠിക്ക്(Rahul Tripathi) പിന്നാലെ അവസാന ഓവറുകളില്‍ നിതീഷ് റാണയും(Nitish Rana) ദിനേശ് കാര്‍ത്തിക്കും(Dinesh Karthik) തകര്‍ത്തടിച്ചതാണ് കൊല്‍ക്കത്തയ്‌ക്ക് രക്ഷയായത്. 

പവര്‍പ്ലേയില്‍ മികച്ച സ്‌കോറുണ്ടായിരുന്നെങ്കിലും അശ്രദ്ധ കൊണ്ട് വിക്കറ്റ് വലിച്ചെറിഞ്ഞതോടെ കൊല്‍ക്കത്ത തുടക്കത്തിലെ പ്രതിരോധത്തിലായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ സഹ ഓപ്പണര്‍ വെങ്കടേഷ് അയ്യരുമായുള്ള ആശയക്കുഴപ്പത്തിനിടെ ശുഭ്‌മാന്‍ ഗില്‍(9 പന്തില്‍ 5) അമ്പാട്ടി റായുഡുവിന്‍റെ നേരിട്ടുള്ള ത്രോയില്‍ വീണു. ഷര്‍ദ്ദുല്‍ ഠാക്കുറിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അയ്യരാവട്ടെ(15 പന്തില്‍ 18) എഡ്‌ജായി വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ കൈകളിലെത്തി.

ഡികെ തകര്‍ത്തു

നാലാമനായി ക്രീസിലെത്തിയ നായകന്‍ ഓയിന്‍ മോര്‍ഗന് ഒരിക്കല്‍ കൂടി ബാറ്റ് കയ്യിലുറച്ചില്ല. 14 പന്തില്‍ എട്ട് റണ്‍സെടുത്ത മോര്‍ഗനെ ഹേസല്‍വുഡിന്‍റെ പന്തില്‍ ഡുപ്ലസി പിടിച്ചു. ഒരറ്റത്ത് ഒത്തുപിടിച്ചെങ്കിലും രാഹുല്‍ ത്രിപാഠിയുടെ പോരാട്ടം 33 പന്തില്‍ 42 റണ്‍സില്‍ അവസാനിച്ചു. 13-ാം ഓവറില്‍ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 104-4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. 

പിന്നീടങ്ങോട്ട് കൊല്‍ക്കത്തന്‍ പ്രതീക്ഷ റാണ-റസല്‍ സഖ്യത്തിലായി. എന്നാല്‍ 15 പന്തില്‍ 20 റണ്‍സെടുത്ത റസലിനെ 17-ാം ഓവറിലെ നാലാം പന്തില്‍ ഠാക്കൂര്‍ ബൗള്‍ഡാക്കിയത് വഴിത്തിരിവായി. എന്നാല്‍ റാണയും ഡികെയും ചേര്‍ന്ന് അവസാന മൂന്ന് ഓവറില്‍ 44 റണ്‍സ് കൊല്‍ക്കത്തയ്‌ക്ക് നേടിക്കെടുത്തു. ഇതോടെ മികച്ച സ്‌കോറിലേക്ക് മോര്‍ഗനും സംഘവും എത്തുകയായിരുന്നു. ഹേസല്‍വുഡിന്‍റെ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ കാര്‍ത്തിക്(11 പന്തില്‍ 26) പുറത്തായപ്പോള്‍ റാണയും(27 പന്തില്‍ 37), നരെയ്‌നും(1 പന്തില്‍ 0*) പുറത്താവാതെ നിന്നു. 

വീണ്ടും ഫാബുലസ് ഫാഫ്; ഞെട്ടിച്ച് ബൗണ്ടറിലൈന്‍ ക്യാച്ച്- വീഡിയോ

Follow Us:
Download App:
  • android
  • ios