ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സെടുത്തു

അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) മികച്ച തുടക്കം. ചെന്നൈ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 52 റണ്‍സെടുത്തിട്ടുണ്ട്. കരുതലോടെ ആക്രമിച്ച് കളിച്ച് ഫാഫ് ഡുപ്ലസിസും(28*), റുതുരാജ് ഗെയ്‌ക്‌വാദുമാണ്(23*) ക്രീസില്‍. 

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സെടുത്തു. രാഹുല്‍ ത്രിപാഠിക്ക്(Rahul Tripathi) പിന്നാലെ അവസാന ഓവറുകളില്‍ നിതീഷ് റാണയും(Nitish Rana) ദിനേശ് കാര്‍ത്തിക്കും(Dinesh Karthik) തകര്‍ത്തടിച്ചതാണ് കൊല്‍ക്കത്തയ്‌ക്ക് രക്ഷയായത്. 

പവര്‍പ്ലേയില്‍ മികച്ച സ്‌കോറുണ്ടായിരുന്നെങ്കിലും അശ്രദ്ധ കൊണ്ട് വിക്കറ്റ് വലിച്ചെറിഞ്ഞതോടെ കൊല്‍ക്കത്ത തുടക്കത്തിലെ പ്രതിരോധത്തിലായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ സഹ ഓപ്പണര്‍ വെങ്കടേഷ് അയ്യരുമായുള്ള ആശയക്കുഴപ്പത്തിനിടെ ശുഭ്‌മാന്‍ ഗില്‍(9 പന്തില്‍ 5) അമ്പാട്ടി റായുഡുവിന്‍റെ നേരിട്ടുള്ള ത്രോയില്‍ വീണു. ഷര്‍ദ്ദുല്‍ ഠാക്കുറിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അയ്യരാവട്ടെ(15 പന്തില്‍ 18) എഡ്‌ജായി വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ കൈകളിലെത്തി.

ഡികെ തകര്‍ത്തു

നാലാമനായി ക്രീസിലെത്തിയ നായകന്‍ ഓയിന്‍ മോര്‍ഗന് ഒരിക്കല്‍ കൂടി ബാറ്റ് കയ്യിലുറച്ചില്ല. 14 പന്തില്‍ എട്ട് റണ്‍സെടുത്ത മോര്‍ഗനെ ഹേസല്‍വുഡിന്‍റെ പന്തില്‍ ഡുപ്ലസി പിടിച്ചു. ഒരറ്റത്ത് ഒത്തുപിടിച്ചെങ്കിലും രാഹുല്‍ ത്രിപാഠിയുടെ പോരാട്ടം 33 പന്തില്‍ 42 റണ്‍സില്‍ അവസാനിച്ചു. 13-ാം ഓവറില്‍ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 104-4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. 

പിന്നീടങ്ങോട്ട് കൊല്‍ക്കത്തന്‍ പ്രതീക്ഷ റാണ-റസല്‍ സഖ്യത്തിലായി. എന്നാല്‍ 15 പന്തില്‍ 20 റണ്‍സെടുത്ത റസലിനെ 17-ാം ഓവറിലെ നാലാം പന്തില്‍ ഠാക്കൂര്‍ ബൗള്‍ഡാക്കിയത് വഴിത്തിരിവായി. എന്നാല്‍ റാണയും ഡികെയും ചേര്‍ന്ന് അവസാന മൂന്ന് ഓവറില്‍ 44 റണ്‍സ് കൊല്‍ക്കത്തയ്‌ക്ക് നേടിക്കെടുത്തു. ഇതോടെ മികച്ച സ്‌കോറിലേക്ക് മോര്‍ഗനും സംഘവും എത്തുകയായിരുന്നു. ഹേസല്‍വുഡിന്‍റെ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ കാര്‍ത്തിക്(11 പന്തില്‍ 26) പുറത്തായപ്പോള്‍ റാണയും(27 പന്തില്‍ 37), നരെയ്‌നും(1 പന്തില്‍ 0*) പുറത്താവാതെ നിന്നു. 

ബ്രാവോ ഇല്ലാതെ ചെന്നൈ

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്‌ണ.