Asianet News MalayalamAsianet News Malayalam

ഗെയ്‌ക്‌വാദ് മിന്നി, പിന്തുണച്ച് ജഡേജ, ഫിനിഷറായി ബ്രാവോ; ഒടുവില്‍ കരകയറി ചെന്നൈ! മാന്യമായ സ്‌കോര്‍

ചെന്നൈയെ റുതുരാജ്-ജഡേജ കൂട്ടുകെട്ടിന്‍റെ പോരാട്ടവും ബ്രാവോയുടെ ഫിനിഷിംഗുമാണ് രക്ഷിച്ചത്

IPL 2021 CSK vs MI Ruturaj Gaikwad fire helps Chennai Super Kings to decent total
Author
Dubai - United Arab Emirates, First Published Sep 19, 2021, 9:20 PM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ വിയര്‍ത്തെങ്കിലും ഒടുവില്‍ കരകയറി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെടുത്തു. ബോള്‍ട്ട്-മില്‍നെ സഖ്യത്തിന് മുന്നില്‍ മുട്ടിടിച്ച് പവര്‍പ്ലേയില്‍ 24-4 എന്ന നിലയിലായിരുന്ന ചെന്നൈയെ റുതുരാജ്-ജഡേജ കൂട്ടുകെട്ടിന്‍റെ പോരാട്ടവും ബ്രാവോയുടെ ഫിനിഷിംഗുമാണ് രക്ഷിച്ചത്. ഗെയ്‌ക്‌വാദ് 88 റണ്‍സുമായി പുറത്താകാതെ നിന്നു. 

പവര്‍പ്ലേ മുംബൈക്ക് പവറായി

ഐപിഎല്‍ ചരിത്രത്തിലെ സൂപ്പര്‍ ടീമുകള്‍ തമ്മിലുള്ള ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍നിര തകര്‍ന്നുവീഴുകയായിരുന്നു. ബോള്‍ട്ട്-മില്‍നെ സഖ്യത്തിന്‍റെ ബൗളിംഗ് ആക്രമണം തുടക്കത്തിലെ മുംബൈക്ക് മേധാവിത്തം നല്‍കി.  

ബോള്‍ട്ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഡുപ്ലസി ഡക്കായി. മൂന്ന് പന്ത് നേരിട്ടിട്ടും ഡുപ്ലസിക്ക് അക്കൗണ്ട് തുറക്കാനായില്ല. വണ്‍ഡൗണായി ക്രീസിലെത്തിയ മൊയീന്‍ അലിയെയും കാലുറപ്പിക്കാന്‍ മുംബൈ അനുവദിച്ചില്ല. രണ്ടാം ഓവറിലെ മില്‍നെയുടെ മൂന്നാം പന്തില്‍ അലി(മൂന്ന് പന്തില്‍ 0) സൗരഭിന്‍റെ കൈകളില്‍ അവസാനിച്ചു. ഇതേ ഓവറിലെ അവസാന പന്തില്‍ പരിക്കേറ്റ് അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. 

ധോണിയും വേഗം വീണു 

ഇതോടെ സുരേഷ് റെയ്‌ന ക്രീസിലെത്തുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ബോള്‍ട്ട്, റെയ്‌നയെ ചഹാറിന് സമ്മാനിച്ചു. റെയ്‌നയുടെ ആയുസ് ആറ് പന്ത് മാത്രം. നാല് റണ്‍സാണ് റെയ്‌ന നേടിയത്. ആറാമനായി ക്രീസിലെത്തിയ എം എസ് ധോണിക്കും അധികം ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത താരത്തെ മില്‍നെ പവര്‍പ്ലേയിലെ അവസാന പന്തില്‍ ബോള്‍ട്ടിന്‍റെ കൈകളില്‍ എത്തിച്ചു. 

മുഖം രക്ഷിച്ച് ഗെയ്‌ക്‌വാദ് 

ഒരറ്റത്ത് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ചെന്നൈയെ വന്‍വീഴ്‌ചയില്‍ നിന്ന് പിന്നീട് കരകയറ്റുകയായിരുന്നു. ഗെയ്‌ക്‌വാദ് 41 പന്തില്‍ അമ്പത് തികച്ചു. ഇതിന് പിന്നാലെ ബൗണ്ടറികളുമായി താരം കളംനിറഞ്ഞു. എന്നാല്‍ 33 പന്തില്‍ 26 റണ്‍സെടുത്ത ജഡേജയെ 17-ാം ഓവറില്‍ ബുമ്ര പറഞ്ഞയച്ചു. എങ്കിലും 81 റണ്‍സിന്‍റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ത്തിരുന്നു. അവസാന ഓവറുകളില്‍ ബ്രാവോ മിന്നലായപ്പോള്‍ ചെന്നൈ പുഞ്ചിരിച്ചു. 

എട്ട് പന്തില്‍ മൂന്ന് സിക്‌സ് സഹിതം 23 റണ്‍സുമായി ബ്രാവോ ബുമ്രയുടെ അവസാന ഓവറില്‍ പുറത്തായി. ഗെയ്‌ക്‌വാദ് 58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 88 റണ്‍സും ഠാക്കൂര്‍ ഒരു പന്തില്‍ 1 റണ്‍സുമായി പുറത്താകാതെ നിന്നു. 

ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. മുംബൈക്കായി ഹര്‍ദിക് പാണ്ഡ്യയും കളിക്കുന്നില്ല. എന്നാല്‍ അന്‍മോല്‍പ്രീത് അരങ്ങേറ്റം കുറിച്ചു. ഫാഫ് ഡുപ്ലസിസ് പരിക്ക് മാറിയെത്തിയെങ്കിലും ചെന്നൈക്ക് ഗുണകരമായില്ല. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിംഗ്, കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), സൗരഭ് തിവാരി, ക്രുണാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഫാഫ് ഡുപ്ലസിസ്, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം എസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios