Asianet News MalayalamAsianet News Malayalam

ബ്രാവോയോട് പൊട്ടിത്തെറിച്ച് ധോണി; ഒടുവില്‍ തോളില്‍ കയ്യിട്ട് കൂളായി മടക്കം- വീഡിയോ

ഡ്വെയ്‌ന്‍ ബ്രാവോയുമായുള്ള ഫീല്‍ഡിംഗിലെ ആശയക്കുഴപ്പത്തില്‍ ക്യാച്ച് പാഴായതാണ് ധോണിയെ പ്രകോപിതനാക്കിയത്

IPL 2021 CSK vs MI Watch MS Dhoni loses his cool at Dwayne Bravo
Author
Dubai - United Arab Emirates, First Published Sep 20, 2021, 12:26 PM IST

ദുബൈ: കൂള്‍ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം എസ് ധോണി നിയന്ത്രണം വിടുന്നത് ആരാധകര്‍ അധികമൊന്നും കണ്ടിട്ടില്ല. എന്നാല്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ കൂള്‍ കൈവിടുന്നത് ഏവരും കണ്ടും. ഡ്വെയ്‌ന്‍ ബ്രാവോയുമായുള്ള ഫീല്‍ഡിംഗിലെ ആശയക്കുഴപ്പത്തില്‍ ക്യാച്ച് പാഴായതാണ് ധോണിയെ പ്രകോപിപ്പിച്ചത്. 

ദീപക് ചഹാര്‍ എറിഞ്ഞ 18-ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. മുംബൈക്ക് 15 പന്തില്‍ ജയിക്കാന്‍ 42 റണ്‍സ് വേണ്ട സാഹചര്യം. ദീപക് ചഹാറിനെ സ്‌കൂപ്പ് ചെയ്യാന്‍ സൗരഭ് തിവാരി ശ്രമിച്ചു. ക്യാച്ചിനായി വിക്കറ്റ് കീപ്പര്‍ ധോണിയും ഷോര്‍ട് ഫൈന്‍ലെഗ് ഫീല്‍ഡര്‍ ബ്രാവോയും ഒരിടത്തേക്ക് ഓടിയടുത്തു. എന്നാല്‍ പന്ത് ഇരുവര്‍ക്കും ഇടയിലൂടെ നിലത്തുവീണു. ക്യാച്ച് പാഴായത് ധോണിക്ക് ഒട്ടും പിടിച്ചില്ല. എന്താണ് കാട്ടിയത് എന്ന ആംഗ്യത്തോടെയായിരുന്നു ബ്രാവോയുടെ നേര്‍ക്ക് പിന്നാലെ ധോണിയുടെ പ്രതികരണം. 

എന്നാല്‍ തിവാരിയുടെ ക്യാച്ച് നിലത്തിട്ടത് ചെന്നൈക്കോ ധോണിക്കോ തലവേദനയായില്ല. മത്സരം 20 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സര ശേഷം ബ്രാവോയുടെ തോളില്‍ കയ്യിട്ട് ധോണി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതും കാണാനായി. ബാറ്റിംഗില്‍ പരാജയമായ ധോണി മൂന്ന് റണ്‍സില്‍ പുറത്തായെങ്കില്‍ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ചെന്നൈ ജയത്തില്‍ ബ്രാവോ നിര്‍ണായക സാന്നിധ്യമായി. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 20 ഓവറില്‍ ആറ് വിക്കറ്റിന് 156 റണ്‍സെന്ന മാന്യമായ സ്‌കോറില്‍ എത്തിച്ചത് പുറത്താകാതെ 88 റണ്‍സെടുത്ത ഗെയ്‌വാദിനെ കൂട്ടുപിടിച്ച് ഡെത്ത് ഓവറുകളില്‍ ബ്രാവോ നടത്തിയ വെടിക്കെട്ടായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ ബ്രാവോ 8 പന്തില്‍ മൂന്ന് സിക്‌സറുകള്‍ സഹിതം 23 റണ്‍സെടുത്തു. പിന്നാലെ ബൗളിംഗില്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയും ബ്രാവോ തിളങ്ങി. 

ഐപിഎല്‍ രണ്ടാംഘട്ടത്തിന് ത്രില്ലര്‍ തുടക്കം; 'എല്‍ ക്ലാസിക്കോ'യില്‍ മുംബൈയെ പൊട്ടിച്ച് ചെന്നൈ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios