Asianet News MalayalamAsianet News Malayalam

ചരിത്രമാവര്‍ത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടുന്ന റെക്കോര്‍ഡ്

ഫൈനലിലെത്തിയപ്പോഴെല്ലാം കപ്പുയര്‍ത്തിയ കെകെആറിന്‍റെ ചരിത്രം കലാശപ്പോരില്‍ ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടും

IPL 2021 DC vs KKR Qualifier 2 Kolkata Knight Riders looking to threat Chennai Super Kings with rare record
Author
Sharjah - United Arab Emirates, First Published Oct 14, 2021, 8:50 AM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) മൂന്നാം തവണയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) ഫൈനലില്‍ കടക്കുന്നത്. 2012ലും 2014ലും ഗൗതം ഗംഭീര്‍(Gautam Gambhir) ക്യാപ്റ്റന്‍ ആയിരുന്നപ്പോഴാണ് ടീം ഇതിന് മുന്‍പ് ഫൈനലിലെത്തിയത്. ഇരു തവണയും ടീം കപ്പുയര്‍ത്തുകയും ചെയ്‌തു. 2012ൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും(Chennai Super Kings) 2014ൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനേയും(Kings XI Punjab) തോൽപ്പിച്ച് കെകെആര്‍ ചാമ്പ്യന്‍മാരായി. ഫൈനലിലെത്തിയപ്പോഴെല്ലാം കപ്പുയര്‍ത്തിയ കെകെആറിന്‍റെ ചരിത്രം കലാശപ്പോരില്‍ ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടും. പിന്നീട് മൂന്ന് തവണ പ്ലേ ഓഫിലെത്തിയെങ്കിലും ടീം ഫൈനലില്‍ കടന്നിരുന്നില്ല.

കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇക്കുറി ഇന്ത്യന്‍ പാദത്തിൽ നിറംമങ്ങിയെങ്കിലും യുഎഇയിൽ എത്തിയതോടെ ശക്തമായി തിരിച്ചുവരികയായിരുന്നു. എലിമിനേറ്റര്‍ കളിച്ച ശേഷം ഫൈനലിലെത്തുന്ന മൂന്നാമത്തെ ടീം എന്ന പ്രത്യേകതയും കെകെആര്‍ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സും സൺറൈസേഴ്‌സ് ഹൈദരാബാദും ആണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ ടീമുകള്‍. 

ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്‌ത്തിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഫൈനലില്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിന് തൊട്ടടടുത്തിയ ശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ് തോല്‍വിയുടെ വക്കിലെത്തിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സിന് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 135-5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.5 ഓവറില്‍ 136-7.

തലപ്പത്തെത്തിയിട്ട് തലകുനിച്ച് മടക്കം; നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

Follow Us:
Download App:
  • android
  • ios