പൃഥ്വി ഷാ മൈതാനത്ത് കിടന്ന് പൊട്ടിക്കരഞ്ഞു. സഹതാരങ്ങളെത്തി ഷായെ ആശ്വസിപ്പിച്ച് എഴുന്നേല്‍പിക്കുകയായിരുന്നു. 

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. ഒരുവേള അനായാസം ജയിക്കുമെന്ന് തോന്നിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) അവസാന നാല് ഓവറില്‍ വെള്ളം കുടിപ്പിച്ചു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(Delhi Capitals) ബൗളര്‍മാര്‍. എന്നിട്ടും ഒരു പന്ത് ബാക്കിനില്‍ക്കേ ആര്‍ അശ്വിനെ(R Ashwin) ഗാലറിയിലേക്ക് പറത്തി രാഹുല്‍ ത്രിപാഠി(Rahul Tripathi) ഫൈനലിലേക്ക് കെകെആറിന് ടിക്കറ്റ് നല്‍കുകയായിരുന്നു. 

Scroll to load tweet…

ഇതോടെ ചങ്ക് തകര്‍ന്നു തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഡല്‍ഹിയുടെ യുവനിര. നായകന്‍ റിഷഭ് പന്ത് വികാരാധീനനായപ്പോള്‍ ഓപ്പണര്‍ പൃഥ്വി ഷാ മൈതാനത്ത് കിടന്ന് പൊട്ടിക്കരഞ്ഞു. സഹതാരങ്ങളെത്തി ഷായെ ആശ്വസിപ്പിച്ച് എഴുന്നേല്‍പിക്കുകയായിരുന്നു. റിഷഭിനെ ഉള്‍പ്പടെ ആശ്വസിപ്പിച്ച് ഡല്‍ഹി പരിശീലകനും ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനുമായ റിക്കി പോണ്ടിംഗുമുണ്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഡഗ്‌ ഔട്ടില്‍ കനത്ത മൂകതയായിരുന്നു മത്സര ശേഷം. സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആവേഷ് ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ സങ്കടക്കടലിലായി. ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ശേഷമാണ് ക്വാളിഫയറില്‍ തോറ്റ് ഡല്‍ഹിയുടെ മടക്കം.

Scroll to load tweet…

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മൂന്ന് വിക്കറ്റ് ജയത്തോടെ മൂന്നാം ഫൈനലിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് യോഗ്യത നേടിയത്. ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കെകെആറിന്‍റെ ഫൈനല്‍ പ്രവേശം. 2012ലും 2014ലും ഫൈനല്‍ കളിച്ച കൊല്‍ക്കത്ത കപ്പുയര്‍ത്തിയിരുന്നു. മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഫൈനലില്‍ കെകെആറിന്‍റെ എതിരാളി. 

Scroll to load tweet…

ഒന്‍പത് വിക്കറ്റ് കയ്യിലിരിക്കെ അവസാന 25 പന്തില്‍ കൊൽക്കത്തയ്‌ക്ക് വേണ്ടിയിരുന്നത് 13 റൺസ് മാത്രമായിരുന്നു. എന്നാല്‍ ഏഴ് റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് റാണയും ശുഭ്‌മാന്‍ ഗില്ലും ദിനേശ് കാര്‍ത്തിക്കും ഓയിന്‍ മോര്‍ഗനും മടങ്ങി. അശ്വിന്‍ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ കെകെആറിന് ജയിക്കാന്‍ വേണ്ടത് ഏഴ് റൺസ്. മൂന്നാം പന്തിൽ ഷക്കീബ് അൽ ഹസനും തൊട്ടുപിന്നാലെ സുനില്‍ നരെയ്‌നും പുറത്തായി. എന്നാല്‍ ഹാട്രിക്ക് ഉന്നം വച്ച അശ്വിനെ ഗ്യാലറിയിലേക്ക് തൂക്കിയ ത്രിപാഠി കൊൽക്കത്തയെ മൂന്നാം ഐപിഎൽ ഫൈനലിലെത്തിക്കുകയായിരുന്നു. 

തലപ്പത്തെത്തിയിട്ട് തലകുനിച്ച് മടക്കം; നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്