മുംബൈ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.   

ചെന്നൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഹിറ്റ്‌മാന് 12 ലക്ഷം രൂപ പിഴ വിധിച്ചു. എന്നാല്‍ ചെറിയ പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് പകരം ഫീല്‍ഡിംഗ് നിയന്ത്രിച്ചിരുന്നത് കീറോണ്‍ പൊള്ളാര്‍ഡാണ് എന്നതാണ് രസകരം. 

ഐപിഎല്‍ പതിനാലാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഫൈന്‍ നല്‍കേണ്ടിവരുന്ന രണ്ടാം ക്യാപ്റ്റനാണ് ഹിറ്റ്‌മാന്‍. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സമാന പിഴവിന്‍റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്ക് 12 ലക്ഷം പിഴ ചുമത്തിയിരുന്നു. 

തോല്‍വിക്ക് പിന്നാലെ ധോണിക്ക് കനത്ത തിരിച്ചടി; വമ്പന്‍ തുക പിഴ

സ്റ്റാറ്റര്‍ജിക് ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം എന്നാണ് ഐപിഎല്‍ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനുറ്റിനുള്ളില്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തീകരിക്കുകയും വേണം. 

ഓവര്‍ നിരക്കില്‍ വീഴ്‌ച വരുത്തിയാല്‍ ആദ്യ തവണ 12 ലക്ഷവും അതേ സീസണില്‍ വീണ്ടും തെറ്റാവര്‍ത്തിച്ചാല്‍ നായകന്‍ 24 ലക്ഷവും പ്ലെയിംഗ് ഇലവനിലെ മറ്റ് താരങ്ങള്‍ മാച്ച് ഫീയുടെ 25 ശതമാനവും പിഴയൊടുക്കേണം എന്നാണ് ഐപിഎല്‍ ചട്ടങ്ങളില്‍ പറയുന്നത്. മൂന്നാം തവണയും പിഴവുണ്ടായാല്‍ നായകന്‍ ഒരു മത്സരത്തില്‍ വിലക്ക് നേരിടുകയും 30 ലക്ഷം രൂപ പിഴ നല്‍കുകയും വേണം.

ഇത്തവണ പ്രതിരോധിക്കാനായില്ല; മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം