Asianet News MalayalamAsianet News Malayalam

ഐപിഎല്‍: പൊരുതിയത് സഞ്ജു മാത്രം, രാജസ്ഥാന്‍റെ ഫ്യൂസൂരി ഡല്‍ഹി

ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഡല്‍ഹി പ്ലേ ഓഫ് ബര്‍ത്തും ഉറപ്പിച്ചു.

IPL 2021: Delhi Capitals beat Rajasthan Royals by 33 runs, tops the point table
Author
Abu Dhabi - United Arab Emirates, First Published Sep 25, 2021, 7:22 PM IST

ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) 33 റണ്‍സിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(52 പന്തില്‍ 70*) പൊരുതിയെങ്കിലും മറ്റാരും പിന്തുണ നല്‍കിയില്ല. ഡല്‍ഹിക്കായി ആന്‍റിച്ച് നോര്‍ട്യ രണ്ടു വിക്കറ്റെടുത്തു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 154-6, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 121-6. ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഡല്‍ഹി പ്ലേ ഓഫ് ബര്‍ത്തും ഉറപ്പിച്ചു.

രാജസ്ഥാന്‍റെ തലയരിഞ്ഞ് ഡല്‍ഹി ബൗളര്‍മാര്‍

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലിയാം ലിവിംഗ്സ്റ്റണെ(1) മടക്കി ഡല്‍ഹിയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. രണ്ടാം ഓവറില്‍ ആന്‍റിച്ച് നോര്‍ട്യ യശസ്വി ജയ‌്സ്വാളിനെ(5)യും മടക്കിയതോടെ രാജസ്ഥാന്‍ ഞെട്ടി. അഞ്ചാം ഓവരില്‍ അപകടകാരിയായ ഡേവിഡ് മില്ലര്‍ അശ്വിന്‍റെ പന്തില്‍ വീണു. പിന്നാലെ മഹിപാല്‍ ലോമറോറും സഞ്ജു സാംസണും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്കോര്‍ 50 കടക്കും മുമ്പ് ലോമറോറിനെ(19) മടക്കി റബാഡ രാജസ്ഥാന് നാലാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ റിയാന്‍ പരാഗും(2) മടങ്ങിയതോടെ രാജസ്ഥാന്‍ 100 പോലും കടക്കില്ലെന്ന് കരുതി.

സഞ്ജുവിന്‍റെ ഒറ്റയാള്‍ പോരാട്ടം

മറുവശത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഒരറ്റം കാത്ത സ‍ഞ്ജു സാംസണ്‍ 39 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. രാഹുല്‍ തിവാട്ടിയക്കൊപ്പം 45 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജു രാജസ്ഥാനെ 100ന് അടുത്തെത്തിച്ചു. തിവാട്ടിയയും മടങ്ങിയതോടെ തോല്‍വി ഉറപ്പിച്ച രാജസ്ഥാന്‍റെ തോല്‍വിഭാരം കുറക്കാന്‍ മാത്രമെ സഞ്ജുവിനായുള്ളു. ഡല്‍ഹിക്കായി നാലോവറില്‍ 18 രമ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ആന്‍റിച്ച് നോര്‍ട്യ ബൗളിംഗില്‍ തിളങ്ങി. അശ്വിന്‍ നാലോവറില്‍ 20 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ റബാഡ നാലോവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios