Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ് ടീമില്‍ മികച്ച പലരുമില്ല, സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് ഡല്‍ഹി ടീം ഉടമ

ഐപിഎല്ലില്‍ മിന്നുന്ന ഫോമിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഡല്‍ഹിയുടെ ബാറ്റിംഗ് നട്ടെല്ലായ ശ്രേയസ് അയ്യരെ സ്റ്റാന്‍ഡ് ബൈ താരമായി മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ 10 കളികളില്‍ 430 റണ്‍സടിച്ച ധവാനാണ് ടോപ് സ്കോറര്‍.

IPL 2021: Delhi Capitals Owner Parth Jindal Questions Indian Selectors Over T20 WC Squad
Author
Delhi, First Published Sep 27, 2021, 4:30 PM IST

ദുബായ്: ടി20 ലോകകപ്പ്(T20 World Cup) ടീമിലുള്‍പ്പെട്ട പലരും ഐപിഎല്ലില്‍(IPL 2021) നിരാശപ്പെടുത്തുമ്പോള്‍ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍(Parth Jindal). നമ്മുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ പലരും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാത്തതില്‍ സെലക്ടര്‍മാര്‍ ഇപ്പോള്‍ ആശ്ചര്യപ്പെടുന്നുണ്ടാവുമെന്ന് ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതാരൊക്കെയാണെന്ന് ഊഹിക്കാമോ എന്നും ജിന്‍ഡാല്‍ ചോദിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ മിന്നുന്ന ഫോമിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഡല്‍ഹിയുടെ ബാറ്റിംഗ് നട്ടെല്ലായ ശ്രേയസ് അയ്യരെ സ്റ്റാന്‍ഡ് ബൈ താരമായി മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ 10 കളികളില്‍ 430 റണ്‍സടിച്ച ധവാനാണ് ടോപ് സ്കോറര്‍. പരിക്കുമൂലം ഐപിഎല്ലിന്‍റെ ആദ്യ പകുതി പൂര്‍ണമായും നഷ്ടമായ ശ്രേയസ് അയ്യരാകട്ടെ രണ്ടാം പകുതിയില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണഅ ജിന്‍ഡാല്‍ സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്തത്.

ശിഖര്‍ ധവാന് പകരം ബാക്ക് അപ്പ് ഓപ്പണറായി ടീമിലെത്തിയ മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍ സീസണില്‍ മുംബൈക്കായി കളിച്ച എട്ട് കളികളില്‍ 107 റണ്‍സ്  മാത്രമാണ് നേടിയത്. ഒറ്റ അര്‍ധസെഞ്ചുറിപോലും ഇത്തവണ ഇഷാന് നേടാനുമായിട്ടില്ല. ശ്രേയസിന് പകരം മധ്യനിരയില്‍ എത്തിയ സൂര്യകുമാര്‍ യാദവാകട്ടെ 10 കളികളില്‍ 189 റണ്‍സാണ് ഇതുവരെ നേടിയത്.

ആദ്യ ട്വീറ്റിന് പിന്നാലെ ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറും ലോകകപ്പ് ടീമിലില്ലെന്ന് ജിന്‍ഡാല്‍ കുറിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായ യുസ്‌വേന്ദ്ര ചാഹലിനെയാണ് ജിന്‍ഡാല്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചാഹലിന് പകരം മുംബൈ ഇന്ത്യന്‍സ് താരമായ രാഹുല്‍ ചാഹറാണ് ഇടം നേടിയത്. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ഏഴ് മത്സരങ്ങളില്‍ 11 വിക്കറ്റ് വീഴ്ത്തി രാഹുല്‍ ചാഹര്‍ തിളങ്ങിയിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ മുംബൈക്കായി കളിച്ച മൂന്ന് കളികളിലും ചാഹറിന് തിളങ്ങാനായിരുന്നില്ല.

ആദ്യഘട്ടത്തില്‍ നാലു വിക്കറ്റ് മാത്രം വീഴ്ത്തി നിറം മങ്ങിയ ചാഹലാകട്ടെ യുഎഇയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ തിളങ്ങുകയും ചെയ്തു. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈക്കെതിരെ ചാഹല്‍ നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.                

Follow Us:
Download App:
  • android
  • ios