ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അവസാന രണ്ട് മത്സരങ്ങളിലും തിളങ്ങിയ ഇടംകൈയന്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കി

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capital). അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് റിഷഭ് പന്തിന്‍റെയും(Rishabh Pant) സംഘത്തിന്‍റേയും കുതിപ്പ്. ശക്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനുമെതിരേയായിരുന്നു ഈ ജയങ്ങള്‍. ഈ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ഇടംകൈയന്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍(Axar Patel) ഒരു അപൂര്‍വ നേട്ടം ഐപിഎല്ലില്‍ സ്വന്തമാക്കി. 

ഡല്‍ഹിയുടെ അവസാന രണ്ട് മത്സരങ്ങളിലും കളിയിലെ മികച്ച താരമായി തെര‍ഞ്ഞെടുക്കപ്പെട്ടതാണ് അക്‌സര്‍ പട്ടേലിനെ നേട്ടത്തിലെത്തിച്ചത്. ഐപിഎല്ലില്‍ 2011ന് ശേഷം ഇതാദ്യമായാണ് ഒരു സ്‌പിന്നര്‍ തുടര്‍ച്ചയായി രണ്ട് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ നേടുന്നത്. അക്‌സറിന്‍റെ ചിത്രത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇക്കാര്യം ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാല് ഓവര്‍ എറിഞ്ഞ അക്‌സര്‍ പട്ടേല്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ചെന്നൈയുടെ 136 റണ്‍സ് പിന്തുടര്‍ന്ന് മത്സരം അവസാന ഓവറില്‍ ഡല്‍ഹി മൂന്ന് വിക്കറ്റിന് ജയിക്കുകയും ചെയ്തു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും അവസാന ഓവറില്‍ നാല് വിക്കറ്റിന് ഡല്‍ഹി ജയിച്ചപ്പോള്‍ അക്‌സര്‍ 21 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. 

അക്‌സര്‍ പട്ടേലിന്‍റെ ഐപിഎല്ലിലെ പ്രകടനം ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ 14 വിക്കറ്റ് താരത്തിനുണ്ട്. ലോകകപ്പ് സ്‌ക്വാഡില്‍ അംഗമാണ് 27കാരനായ താരം. നിലവിലെ പ്രകടനം പ്ലേയിംഗ് ഇലവനിലേക്ക് അക്‌സറിന് സാധ്യതകള്‍ തുറക്കുന്നുണ്ട്. 

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ. 

ഐപിഎല്‍ 2021: ധോണി വിചാരിച്ചാല്‍ ഷാര്‍ദുല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറും: മൈക്കല്‍ വോണ്‍