Asianet News MalayalamAsianet News Malayalam

ബട്‌ലറെ വീഴ്ത്തിയതിന് പിന്നില്‍ ധോണിയുടെ ബുദ്ധി; കൈയടിച്ച് ഇതിഹാസം

ജഡേജ എറിഞ്ഞ പത്താം ഓവറില്‍ ബട്‌ലര്‍ പടകൂറ്റന്‍ സിക്സര്‍ നേടിയിരുന്നു. പന്ത് പുറത്തുപോയതിനാല്‍ പുതിയ പന്തിലാണ് ജഡേജ ഓവര്‍ പൂര്‍ത്തിയാക്കിയത്. ബ്രാവോയുടെ അടുത്ത ഓവറിനുശേഷം ജഡേജയെ തന്നെ ധോണി ബൗളിംഗിന് വിളിച്ചു.

IPL 2021 Dhonis turn prediction results in Buttlers wicket
Author
Mumbai, First Published Apr 20, 2021, 3:36 PM IST

മുംബൈ: ഐപിഎല്ലില്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ധോണിക്ക് ഇത്തവണയും കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണി ടീമിന് നല്‍കുന്ന ആത്മവിശ്വാസവും എതിരാളികള്‍ക്ക് സമ്മാനിക്കുന്ന ആശങ്കയും ചെറുതല്ല. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും കണ്ടു ധോണിയിലെ ക്യാപ്റ്റന്‍റെ കൂര്‍മ ബുദ്ധി. ചെന്നൈക്കും വിജയത്തിനുമിടയില്‍ ബാറ്റ് വീശിയ ജോസ് ബട്‌ലറെ വീഴ്ത്തിയത് വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി നല്‍കിയ ഉപദേശമായിരുന്നു.

ജഡേജ എറിഞ്ഞ പത്താം ഓവറില്‍ ബട്‌ലര്‍ പടകൂറ്റന്‍ സിക്സര്‍ നേടിയിരുന്നു. പന്ത് പുറത്തുപോയതിനാല്‍ പുതിയ പന്തിലാണ് ജഡേജ ഓവര്‍ പൂര്‍ത്തിയാക്കിയത്. ബ്രാവോയുടെ അടുത്ത ഓവറിനുശേഷം ജഡേജയെ തന്നെ ധോണി ബൗളിംഗിന് വിളിച്ചു. ഒപ്പം വിക്കറ്റിന് പിന്നില്‍ നിന്ന് ഒരു ഉപദേശവും. നനഞ്ഞ പന്ത് മാറ്റി പകരം പുതിയ പന്തെടുത്തതിനാല്‍ പന്ത് നന്നായി ടേണ്‍ ചെയ്യുമെന്ന്.

ഹിന്ദിയില്‍ ധോണി നല്‍കിയ ഉപദേശം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ധോണിയുടെ ഉപദേശമനുസരിച്ച് ടേണിനായി പന്തെറിഞ്ഞ ജഡേജ ബട്‌ലറെ കബളിപ്പിച്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ജഡേജയുടെ ഓവറിനുശേഷം അടുത്ത ഓവര്‍ മൊയിന്‍ അലിയെ പന്തേല്‍പ്പിച്ച ധോണിയുടെ തീരുമാനവും കൃത്യമായിരുന്നു. പന്ത് നനഞ്ഞ് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നതിന് മുമ്പ് തന്നെ സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിച്ച് വിക്കറ്റെടുത്ത ധോണി രാജസ്ഥാന്‍റെ തോല്‍വി ഉറപ്പിക്കുകയും ചെയ്തു.

ധോണിയുടെ ക്യാപ്റ്റന്‍സി മികവ് മത്സരത്തിനിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഐപിഎല്ലില്‍ 200ാം മത്സരം കളിച്ച ധോണിയുടെ ഫീല്‍ഡ് പ്ലേസ്മെന്‍റും ബൗളിംഗ് ചേഞ്ചസും അത്യുജ്വലമായിരുന്നുവെന്ന് ഗവാസ്കര്‍ പറഞ്ഞു. ജഡേജക്ക് ധോണി നല്‍കിയ ഉപദേശമാണ് കളി ചെന്നൈക്ക് അനുകൂലമായി തിരിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും ചൂണ്ടിക്കാട്ടിയിരുന്നു.

Follow Us:
Download App:
  • android
  • ios