മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴശിക്ഷയും. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന് 12 ലക്ഷം രൂപയാണ് മോര്‍ഗന് പിഴ വിധിച്ചത്.

സീസണില്‍ ആദ്യമായാണ് കൊല്‍ക്കത്ത കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് പിഴ 12 ലക്ഷത്തില്‍ ഒതുങ്ങിയത്. രണ്ടാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റനുള്ള പിഴ 24 ലക്ഷവും ടീമിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും മാച്ച് ഫീയുടെ 25 ശതമാനമോ അല്ലെങ്കില്‍ ആറ് ലക്ഷം രൂപയോ(ഏതാണ് കുറവെങ്കില്‍ അത്) പിഴയായി വിധിക്കുമെന്നാണ് ഐപിഎല്‍ ചട്ടം പറയുന്നത്.

മൂന്നാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സര വിലക്കും നേരിടേണ്ടിവരും. അതുപോലെപ്ലേയിംഗ് ഇലവനിലുള്ള കളിക്കാര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനമോ 12 ലക്ഷം രൂപയോ ഏതാണോ കുറവ് അതു പിഴയായി ഒടുക്കേണ്ടിയും വരും.

കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയുടെയും റിതുരാജ് ഗെയ്ക്‌വാദിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സടിച്ചപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ 202 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.