ദില്ലി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഇരു ടീമുകളും നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. കൊല്‍ക്കത്തയേക്കാള്‍ പരിതാപകരമാണ് രാജസ്ഥാന്റെ അവസ്ഥ. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍. പോരാത്തതിന് ജോഫ്ര ആര്‍ച്ചറും, ബെന്‍ സ്‌റ്റോക്‌സും പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് പറന്നു. 

ഈ സാഹചര്യത്തില്‍ രാജസ്ഥാന് വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. അദ്ദേഹം പറയുന്നതിങ്ങനെ... ''വല്ലാത്തൊരു പ്രതിസന്ധിയിലാണ് രാജസ്ഥാന്‍ റോയല്‍സ്. കാരണം അവരുടെ താരങ്ങള്‍ (ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍) പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു. അവര്‍ക്കിന് കളിയോടുള്ള സമീപനം മാറ്റുകയെന്നത് മാത്രമേ ചെയ്യാനുള്ളൂ. ബാറ്റ്‌സ്മാന്മാര്‍ സ്ഥിരത കാണിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള യാത്ര സുഖമായിരിക്കുകയുള്ളൂ. 

ഈ മത്സരത്തിലെങ്കിലും ജോസ് ബട്‌ലര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവും. ക്യാപ്റ്റന്‍ സഞ്ജു സാംസണും റണ്‍സ് കണ്ടെത്തുകയല്ലാതെ മറ്റൊരു വഴിയുമില്ല. കഴിഞ്ഞ മൂന്ന് സീസണിലും തുടക്കത്തിലെ മൂന്ന് മത്സരങ്ങളില്‍ 70 ശരാശരിയിലാണ് സഞ്ജു കളിച്ചത്. സ്‌ട്രൈക്ക് റേറ്റ് 150ന് മുകളിലും. എന്നാല്‍ നാലാം മത്സരം മുതല്‍ അവന്റെ ശരാശരി താഴാന്‍ തുടങ്ങും. സ്‌ട്രൈക്ക് റേറ്റ് 130ലെത്തും. ഓരോ സീസണിലും ഇങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കണം. അല്‍പം കൂടി കരുതലോടെ കളിക്കാന്‍ തയ്യാറാവണം. 

ഡേവിഡ് മില്ലറും റണ്‍ വരള്‍ച്ചയ്ക്ക് അറുതി വരുത്തണം. യുവതാരം റിയാന്‍ പരാഗ് എല്ലാ മത്സരങ്ങളും കളിക്കുന്നുണ്ട്. അവന്‍ പക്വത കാണിക്കണം. രാഹുല്‍ തിവാട്ടിയയും ശിവം ദുബെയും സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ബാറ്റ് ചെയ്യണം.'' ആകാശ് ചോപ്ര തുറന്നടിച്ചു.

ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനുള്ള രാജസ്ഥാന്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്നാണ് അറിയുന്നത്. ഓപ്പണര്‍ മനന്‍ വോഹ്‌റയ്ക്ക് പകരം യശസ്വി ജയ്‌സ്വാള്‍ ടീമിലെത്തിയേക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.