Asianet News MalayalamAsianet News Malayalam

തുടക്കത്തില്‍ മല മറിക്കുമെന്ന് തോന്നിക്കും, പക്ഷേ..! സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍

ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരിക്കും സഞ്ജുവെന്നായിരുന്നു ഗംഭീറിന്റെ പക്ഷം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല.

IPL 2021, Gautam Gambhir slams RR captain Sanju Samson's inconsistency
Author
New Delhi, First Published Apr 24, 2021, 5:57 PM IST

ദില്ലി: മലയാളി താരം സഞ്ജു സാംസണെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു ഗൗതം ഗംഭീര്‍. ദേശീയ ടീമില്‍ സഞ്ജു അവസരം അര്‍ഹിക്കുന്നു എന്നൊക്കെ മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കിയിരുന്നു. ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരിക്കും സഞ്ജുവെന്നായിരുന്നു ഗംഭീറിന്റെ പക്ഷം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇതോടെ സ്ഥാനവും നഷ്ടമായി. 

നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. എന്നാല്‍ കിംഗ്‌സ് പഞ്ചാബിനെതിരെ സെഞ്ചുറി നേടിയ ശേഷം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇപ്പോള്‍ ഐപിഎല്ലില്‍ സഞ്ജുവിന്റെ മോശം ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് ഗംഭീര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ആര്‍ഭാടത്തോടെയാണ് സഞ്ജു ഒരു ഐപിഎല്‍ സീസണും തുടങ്ങുക. ആ സീസണിലെല്ലാം 800-900 റണ്‍സ് നേടുമെന്ന് നമ്മളെല്ലാം കരുതും. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലെല്ലാം അവന്റെ റണ്‍ നിരക്ക് താഴും. അവന്‍ ടീമിന് വേണ്ടി കൂടുതല്‍ സംഭാവന ചെയ്യണം. ഒരുപാട് പ്രതീക്ഷ നല്‍കുന്ന തുടക്കം നല്‍കിയതിന് ശേഷം താഴേക്ക് വീഴുന്ന രീതി ശരിയല്ല. 

ഒരു ശരാശരി എപ്പോഴും കാത്ത് സൂക്ഷിക്കാന്‍ സഞ്ജുവിന് കഴിയണം. ഒരു സെഞ്ചുറി നേടിതോടെ ഒന്നും അവസാനിക്കുന്നില്ല. തന്റെ സംഭാവന ചെയ്തുകൊണ്ടേയിരിക്കണം. എബി ഡിവില്ലിയേഴ്‌സിനേയും വിരാട് കോലിയേയും കണ്ട് സഞ്ജു പഠിക്കണം. അവരൊക്കെ ഒരു സെഞ്ചുറി നേടിയാല്‍ പിന്നേയും ഒരു ശരാശരി നിലനിര്‍ത്താന്‍ സാധിക്കാറുണ്ട്. ഉറപ്പുള്ള പ്രകടനം അവര്‍ നടത്തും. എന്നാല്‍ സഞ്ജു ആദ്യ മത്സരത്തില്‍ ഒരു സെഞ്ചുറി നേടി. പിന്നീട് മികച്ച പ്രകടനമൊന്നും നടത്താന്‍ സാധിച്ചതുമില്ല. 

എല്ലാ മത്സരത്തിലും സെഞ്ചുറി നേടണമെന്നല്ല പറയുന്നത്. എന്നാല്‍ ഒരു ശരാശരി പ്രകടനം താരത്തില്‍ നിന്നുണ്ടാവേണ്ടതുണ്ട്. അവന്‍ ഉത്തരവാദിത്തം ഏറ്റെടുക്കമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അഭാവത്തില്‍ സഞ്ജുവിന്റെ പക്വതയും മത്സരപരിചയവും കാണിക്കാനുള്ള സുവര്‍ണാവസരമാണിത്. ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗം ഒന്നുമല്ല സഞ്ജു. എന്നിട്ടും ടീമിനെ നയിക്കാനുള്ള ഭാഗ്യം സഞ്ജുവിന് ലഭിച്ചു. സഞ്ജുവിനോട് തീര്‍ച്ചായും വിശ്വാം കാക്കേണ്ടതുണ്ട്.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 119 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും 26-കാരന്‍ നിരാശപ്പെടുത്തി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 4 റണ്‍സെടുത്ത് പുറത്തായ താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഒരു റണ്‍ മാത്രമാണെടുത്തത്. നാലാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 21 റണ്‍സാണ് നേടിയത്.

Follow Us:
Download App:
  • android
  • ios