Asianet News MalayalamAsianet News Malayalam

തകര്‍ത്തടിച്ച് ധവാന്‍- പൃഥ്വി സഖ്യം; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് മികച്ച തുടക്കം

സുരേഷ് റെയ്‌ന (54), മൊയീന്‍ അലി (34), സാം കറന്‍ (34) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

IPL 2021, Great Start for Delhi Capitals vs CSK
Author
Mumbai, First Published Apr 10, 2021, 10:03 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 188 റണ്‍സ് പിന്തുടരാനിറങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന് മികച്ച തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 65 റണ്‍സെടുത്തിട്ടുണ്ട് ഡല്‍ഹി. പൃഥ്വി ഷാ (36), ശിഖര്‍ ധവാന്‍ (29) എന്നിവരാണ് ക്രീസില്‍. നേരത്തെ സുരേഷ് റെയ്‌ന (54), മൊയീന്‍ അലി (34), സാം കറന്‍ (34) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലൈവ് സ്‌കോര്‍.

തുടക്കം ഗംഭീരം 

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്ന പൃഥ്വി ആ ഫോം ഇവിടെയും തുടര്‍ന്നു. ഇതുവരെ 18 പന്ത് നേരിട്ട പൃഥ്വി ആറ് ഫോറും ഒരു സിക്‌സും നേടിയിട്ടുണ്ട്. ധവാനും മോശമാക്കിയില്ല. കേവലം 18 പന്തില്‍ നിന്നാണ് ധവാന്‍ ഇത്രയും റണ്‍സെടുത്തത്. ഇതുവരെ നാല് ഫോറും ഒരു സിക്‌സും ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നു.

ചെന്നൈയ്ക്ക് മോശം തുടക്കം

മോശം തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ ചെന്നൈയ്ക്ക് നഷ്ടമായി. ഫാഫ് ഡു പ്ലെസിസ് (0), റിതുരാജ് ഗെയ്കവാദ് (5) എന്നിവരെ പവലിയനില്‍ തിരിച്ചെത്തി. രണ്ടാം ഓവറിന്റെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഡു പ്ലെസിയെ ആവേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ഗെയ്കവാദും മടങ്ങി. ക്രിസ് വോക്‌സിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു താരം.

റെയ്‌ന- അലി കൂട്ടുകെട്ട്

ചെന്നൈയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് റെയ്‌ന- അലി സഖ്യത്തിന്റെ കൂട്ടുകെട്ടായിരുന്നു. 53 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടകാരിയായ അലിയെ അശ്വിന് മടക്കിയയച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്ത് നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും നേടിയിരുന്നേു. 

റെയ്‌ന- റായുഡു ഒത്തുച്ചേരല്‍ 

അലി പുറത്തായ ശേഷം ക്രീസിലെത്തിയ അമ്പാടി റായുഡു (23) റെയ്‌നയ്ക്ക് പിന്തുണ നല്‍കി. റെയ്‌ന അക്രമിച്ച് തന്നെ കളിച്ചു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റായുഡുവിന് ആധികനേരം തുടരാനായില്ല. ടോം കറന്റെ സ്ലോവറില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി റായുഡു മടങ്ങി. രണ്് സിക്‌സും ഒരു ഫോറുമാണ് റായുഡു നേടിയത്.

ചെന്നൈയ്ക്ക് ഇരട്ട പ്രഹരം

ഇതിനിടെ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ ചെന്നൈയിക്ക് നഷ്്ടമായി. റെയ്‌നയുടെ ഇന്നിങ്‌സ് റണ്ണൗട്ടിന്റെ രൂപത്തില്‍ അവസാനിച്ചു. രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റെയ്‌ന റണ്ണൗട്ടായി. ഇതോടെ 15.1 ഓവറില്‍ അഞ്ചിന് 137 എന്ന നിലയിലായി ചെന്നൈ. ആവേഷ് എറിഞ്ഞ ആ ഓവറിന്റെ മൂന്നാം പന്തില്‍ ധോണി ബൗള്‍ഡായി. 

ജഡേജ- സാം വക വെടിക്കെട്ട്

അവസാന ഓവറുകളില്‍ ജഡേജ- സാം കറന്‍ നടത്തിയ വെടിക്കെട്ടാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും എട്ടാം വിക്കറ്റില്‍ 27 പന്തില്‍ 51 റണ്‍സ് നേടി. സാം 15 പന്തില്‍ രണ്ട് സിക്‌സിന്റേയും നാല് ഫോറും സഹായത്തോടെ 34 റണ്‍സ് നേടി. അവസാന അവസാന പന്തില്‍ സാം ബൗള്‍ഡായി. ജഡേജ 17 പന്തില്‍ 26 റണ്‍സുമായി പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios