സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ 40 ശരാശരിയില്‍ 125 പ്രഹരശേഷിയില്‍ മൂന്ന് അര്‍ധസെഞ്ചുറികളടക്കം 320 റണ്‍സാണ് അയ്യര്‍ ഇതുവരെ നേടിയത്. ഫൈനലില്‍ കൊല്‍ക്കത്തയുടെ വലിയ പ്രതീക്ഷയും അയ്യരുടെ ബാറ്റിലാണ്. മീഡിയം പേസറെന്ന നിലയിലും തിളങ്ങിയ വെങ്കടേഷ് അയ്യര്‍ മൂന്ന് വിക്കറ്റുകളും നേടി. 

ദില്ലി: യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ(IPL 2021) രണ്ടാം പാദത്തില്‍ ഫൈനലിലെത്തി നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ (Kolkata Knight Riders) അവിശ്വസനീയ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി അവരുടെ ഓപ്പണര്‍മാരാണ്. ഇന്ത്യയില്‍ നടന്ന ലീഗിന്‍റെ ആദ്യഘട്ടത്തില്‍ രണ്ട് ജയങ്ങളുമായി ഏഴാം സ്ഥാനത്തായിരുന്ന ടീം യുഎഇയിലെത്തിയതോടെ അടിമുടി മാറി.

അതിന് പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണറായി എത്തി വെടിക്കെട്ട് തീര്‍ക്കുന്ന വെങ്കടേഷ് അയ്യരെന്ന(Venkatesh Iyer) 26കാരനാണ്. സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ 40 ശരാശരിയില്‍ 125 പ്രഹരശേഷിയില്‍ മൂന്ന് അര്‍ധസെഞ്ചുറികളടക്കം 320 റണ്‍സാണ് അയ്യര്‍ ഇതുവരെ നേടിയത്. ഫൈനലില്‍ കൊല്‍ക്കത്തയുടെ വലിയ പ്രതീക്ഷയും അയ്യരുടെ ബാറ്റിലാണ്. മീഡിയം പേസറെന്ന നിലയിലും തിളങ്ങിയ വെങ്കടേഷ് അയ്യര്‍ മൂന്ന് വിക്കറ്റുകളും നേടി.

ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം നടക്കുന്ന ഐപിഎല്ലിലെ മെഗാ താരലേലലത്തില്‍ വെങ്കടേഷ് അയ്യരെ സ്വന്തമാക്കാന്‍ ടീമുകള്‍ കോടികള്‍ വാരിയെറിയുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കൊല്‍ക്കത്തയുടെ തിരിച്ചുവരവിന് പിന്നിലെ പ്രധാന കാരണക്കാരന്‍ അയ്യരാണെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.

ഇത്തവണ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടെത്തലുകളൊന്നാണ് അയ്യരെന്ന കാര്യത്തില്‍ സംശയമില്ല. കൊല്‍ക്കത്തയുടെ തിരിച്ചുവരവിന് പിന്നിലെ പ്രധാനശക്തി അയ്യരാണ്. അയ്യര്‍ നല്‍കുന്ന മികച്ച തുടക്കങ്ങളുടെ കരുത്തിലാണ് കൊല്‍ക്കത്ത ഫൈനല്‍ വരെയെത്തിയത്. ഡല്‍ഹിക്കെതിരായ(DC) ക്വാളിഫയറില്‍ പോലും ആദ്യ 10 ഓവറില്‍ തന്നെ മത്സരം തീര്‍ത്തത് അയ്യരുടെ ബാറ്റിംഗാണ്. അതിനുശേഷം പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു.

അടുത്ത സീസണില്‍ ലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത ഏതാനും കളിക്കാരെ നിലനിര്‍ത്തുമ്പോള്‍ അതില്‍ മുന്‍പന്തിയില്‍ അയ്യരുമുണ്ടാവും. ഈ വര്‍ഷം അടിസ്ഥാനവിലക്കാണ് ടീമിലെത്തിയതെങ്കിലും അടുത്തവര്‍ഷം കൊല്‍ക്കത്ത നിലനിര്‍ത്തിയാലും ഇല്ലെങ്കിലും വന്‍തുക അയ്യര്‍ക്കായി മുടക്കേണ്ടിവരുമെന്നുറപ്പാണ്. മെഗാ ലേലത്തിന് അയ്യരുമുണ്ടായാല്‍ വലിയ തുകക്കാവും താരത്തെ സ്വന്തമാക്കാനായി ടീമുകള്‍ മത്സരിക്കുക. രണ്ടോ മൂന്നോ ഇന്ത്യന്‍ കളിക്കാരെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത തീരുമാനിച്ചാല്‍ അതിലൊരാള്‍ അയ്യരാവുമെന്നാണ് ഞാന്‍ കരുതുന്നത്-സെവാഗ് പറഞ്ഞു.