70 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് മുംബൈ രാജസ്ഥാനെതിരെ ജയിച്ചു കയറിയത്. എന്നിട്ടും നെറ്റ് റണ്‍റേറ്റ് പ്ലസിലെത്തിക്കാന്‍ മുംബൈക്കായില്ല എന്നതാണ് രസകരം.

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫിന് യോഗ്യതപോലും നേടാതെ പുറത്താവുന്നതിന്‍റെ വക്കിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരായ(Rajasthan Royals) ജീവന്‍മരണപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്(Mumbai Indians). എന്നാല്‍ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ മുംബൈ പേസര്‍മാരായ നേഥന്‍ കോള്‍ട്ടര്‍നൈലും ജിമ്മി നീഷാമും ജസ്പ്രീത് ബുമ്രയും ചേര്‍ന്ന് രാജസ്ഥാനെ 90 റണ്‍സിലൊതുക്കിയപ്പോള്‍ അതിവേഗം ലക്ഷ്യത്തിലെത്തി നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാണ് മുംബൈ ശ്രമിച്ചത്.

ഇഷാന്‍ കിഷന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ മുംബൈ അതില്‍ വിജയിക്കുകയും ചെയ്തു. 70 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് മുംബൈ രാജസ്ഥാനെതിരെ ജയിച്ചു കയറിയത്. എന്നിട്ടും നെറ്റ് റണ്‍റേറ്റ് പ്ലസിലെത്തിക്കാന്‍ മുംബൈക്കായില്ല എന്നതാണ് രസകരം. രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പ് മൈനസ് നെറ്റ് റണ്‍റേറ്റുമായി ഏഴാം സ്ഥാനത്തായിരുന്നു മുംബൈ.

എന്നാല്‍ രാജസ്ഥാനെതിരായ വമ്പന്‍ ജയത്തോടെ 12 പോയന്‍റുള്ള മുംബൈ പോയന്‍റ് പട്ടികയില്‍ പഞ്ചാബ് കിംഗിസിനെയും രാജസ്ഥാന്‍ റോയല്‍സിനെയും മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. നെറ്റ് റണ്‍റേറ്റിലും ഇരു ടീമുകളെയും മുംബൈ പിന്തള്ളി. മുംബൈയുടെ നെറ്റ് റണ്‍റേറ്റ് -0.048 ആണ്. എന്നാല്‍ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തത്ത് +0.294 റണ്‍റേറ്റുണ്ട്.

Scroll to load tweet…

പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുളള സണ്‍റൈസേഴ്സ് ഹൈദരാബാദാണ് മുംബൈയുടെ അവസാന മത്സരത്തിലെ എതിരാളികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാക്ടടെ രാജസ്ഥാന്‍ റോയല്‍സും. കൊല്‍ക്കത്ത രാജസ്ഥാനെ കീഴടക്കുകയും മുംബൈ അവസാന മത്സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലെത്തും. എന്നാല്‍ കൊല്‍ക്കത്ത തോറ്റ് മുംബൈ ജയിച്ചാല്‍ മുംബൈ പ്ലേ ഓഫിലെത്തും. ഇരു ടീമും ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തയുടെ തുണക്കെത്തും.

ഈ അവസരത്തില്‍ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വമ്പന്‍ മാര്‍ജിനിലുള്ള ജയമാവും മുംബൈ ലക്ഷ്യമിടുക.