രോഹിത് ശര്‍മ്മയും എം എസ് ധോണിയും വിരാട് കോലിയുമുള്ള ഇലവനില്‍ ഒരു മിന്നും ഇന്ത്യന്‍ താരമില്ല എന്നത് ചര്‍ച്ചയാവുകയാണ്. 

ലണ്ടന്‍: ഐപിഎല്ലില്‍ തന്‍റെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് തീപ്പൊരി ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലര്‍. രോഹിത് ശര്‍മ്മയും എം എസ് ധോണിയും വിരാട് കോലിയുമുള്ള ഇലവനില്‍ ഒരു മിന്നും ഇന്ത്യന്‍ താരമില്ല എന്നത് ചര്‍ച്ചയാവുകയാണ്. ജോസ് ബട്‌ലര്‍, എ ബി ഡിവില്ലിയേഴ്‌സ്, കീറോണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ എന്നിവരാണ് ടീമിലെ നാല് വിദേശതാരങ്ങള്‍. 

തനിക്കൊപ്പം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയെയാണ് ഓപ്പണറായി ബട്‌ലര്‍ തെരഞ്ഞെടുത്തത്. ഐപിഎല്ലില്‍ 64 ഇന്നിംഗ്‌സുകളില്‍ 1968 റണ്‍സ് നേടിയിട്ടുണ്ട് ബട്‌ലര്‍. അതേസമയം 207 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹിറ്റ്‌മാന്‍ 5480 റണ്‍സ് അടിച്ചുകൂട്ടി. മധ്യനിരയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയെയും എ ബി ഡിവില്ലിയേഴ്‌സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എസ് ധോണിയേയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് ആര്‍സിബി നായകനായ കോലി. 199 മത്സരങ്ങളില്‍ നിന്ന് 6076 റണ്‍സ്. 'മിസ്റ്റര്‍ 360' എന്ന് പേരുകേട്ട എ ബി ഡിവില്ലിയേഴ്‌സ് 176 മത്സരങ്ങളില്‍ 5056 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ സിഎസ്‌കെ നായകന്‍ എം എസ് ധോണിക്ക് 211 മത്സരങ്ങളില്‍ 4669 റണ്‍സുണ്ട്. ടീമിന്‍റെ വിക്കറ്റ് കീപ്പറായി ബട്‌ലര്‍ തനിക്ക് പകരം പരിചയസമ്പന്നനായ ധോണിയേയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

വെടിക്കെട്ട് ബാറ്റിംഗിനും ബൗളിംഗിനും ഫീല്‍ഡിംഗിനും പേരുകേട്ട കീറോണ്‍ പൊള്ളാര്‍ഡിനെയും(3191 റണ്‍സും 63 വിക്കറ്റും), രവീന്ദ്ര ജഡേജയേയുമാണ്(2290 റണ്‍സും 120 വിക്കറ്റും) ഓള്‍റൗണ്ടര്‍മാരായി ചേര്‍ത്തിരിക്കുന്നത്. പൊള്ളാര്‍ഡ് മുംബൈയുടേയും ജഡേജ ചെന്നൈയുടേയും താരമാണ്. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ബട്‌ലറുടെ ടീമെങ്കിലും ഐപിഎല്ലിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും 'മിസ്റ്റര്‍ ഐപിഎല്‍' എന്ന വിശേഷണവുമുള്ള സുരേഷ് റെയ്‌നയ്‌ക്ക് ടീമില്‍ ഇടമില്ല. 200 മത്സരങ്ങളില്‍ കളിച്ച റെയ്‌ന 5491 റണ്‍സ് നേടിയിട്ടുണ്ട്. 

ബൗളിംഗ് നിരയിലും വമ്പന്‍മാരെയാണ് ബട്‌ലര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യന്‍ പേസര്‍മാര്‍. ശ്രീലങ്കയില്‍ നിന്നുള്ള യോര്‍ക്കര്‍ വീരന്‍ ലസിത് മലിംഗയെ ഉള്‍പ്പെടുത്താന്‍ ബട്‌ലര്‍ മറന്നില്ല. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ(122 മത്സരങ്ങളില്‍ 170) താരമാണ് മലിംഗ. ഭുവിക്ക് 139 ഉം ബുമ്രക്ക് 115 ഉം വിക്കറ്റുകളുണ്ട്. 

ഐപിഎല്ലില്‍ 163 മത്സരങ്ങളില്‍ 150 വിക്കറ്റ് നേടിയിട്ടുള്ള വെറ്ററന്‍ ഹര്‍ഭജന്‍ സിംഗാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. വിക്കറ്റ് വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന അമിത് മിശ്രയേയും(166 വിക്കറ്റ്), പീയുഷ് ചൗളയേയും(156 വിക്കറ്റ്) മറികടന്നാണ് ഭാജി ഇടംപിടിച്ചത്. 

ജോസ് ബട്‌ലറുടെ ഐപിഎല്‍ ഇലവന്‍: ജോസ് ബട്‌ലര്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്. എം എസ് ധോണി(വിക്കറ്റ് കീപ്പര്‍), കീറോണ്‍ പൊള്ളാര്‍ഡ്, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുമ്ര, ലസിത് മലിംഗ. 

യാത്രാപാസില്ലാതെ അടിച്ചുപൊളിക്കാന്‍ ഗോവയിലേക്ക്; ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona