Asianet News MalayalamAsianet News Malayalam

അയ്യര്‍ ഷോ, മിന്നല്‍ ത്രിപാഠി, മുംബൈയെ അടിച്ചു പറത്തി കൊല്‍ക്കത്ത

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ മുന്നോട്ടുള്ള വഴി ദുഷ്കരമായി. 30 പന്തില്‍ 53 റണ്‍സടിച്ച വെങ്കിടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.

IPL 2021:Kolkata Knight Riders beat Mumbai Indians by 7 wickets
Author
Abu Dhabi - United Arab Emirates, First Published Sep 23, 2021, 11:04 PM IST

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) അടിച്ചുപറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെയും(Venkatesh Iyer) രാഹുല്‍ ത്രിപാഠിയുടെയും(Rahul Tripathi) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 15.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ മുന്നോട്ടുള്ള വഴി ദുഷ്കരമായി. 30 പന്തില്‍ 53 റണ്‍സടിച്ച വെങ്കിടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 155-6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓവറില്‍ 15.1 ഓവറില്‍ 159-3. മുംബൈക്കായി ബുമ്ര മൂന്ന് വിക്കറ്റെടുത്തു.

ജയത്തോടെ പോയന്‍റ് പട്ടികയില്‍ കൊല്‍ക്കത്ത ആദ്യ നാലിലെത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ മുംബൈ രാജസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്തായി.

തുടക്കം മുതല്‍ അടിയുടെ പൊടിപൂരം

തുടക്കം മുതല്‍ അടിയുടെ പൊടിപൂരമായിരുന്നു കൊല്‍ക്കത്ത. ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ സിക്സടിച്ചാണ് ശുഭ്മാന്‍ ഗില്‍ തുടങ്ങിയത്. ആ ഓവറില്‍ വെങ്കിടേഷ് അയ്യരും ബോള്‍ട്ടിനെ സിക്സിന് പറത്തിയതോടെ പിറന്നത് 15 റണ്‍സ്. ആദം മില്‍നെ എറിഞ്ഞ രണ്ടാം ഓവറിലും  ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് 15 റണ്‍സടിച്ചു. ജസ്പ്രീത് ബുമ്ര എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച കൊല്‍ക്കത്ത മൂന്ന് ഓവറില്‍ 40 ല്‍ എത്തി. മൂന്നാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ (9 പന്തില്‍ 13)ബൗള്‍ഡാക്കി ബുമ്ര മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും ആശ്വാസസത്തിന് അധികം ആയുസുണ്ടായില്ല.

വണ്‍ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠി വെങ്കിടേഷ് അയ്യര്‍ക്ക് പറ്റിയ പങ്കാളിയായിരുന്നു. ഇരുവശത്തുനിന്നും ആക്രമിച്ചു കളിച്ച അയ്യരും ത്രിപാഠിയും ചേര്‍ന്ന് പത്താം ഓവറില്‍ കൊല്‍ക്കത്തയെ 111ല്‍ എത്തിച്ചു.  25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അയ്യര്‍ അര്‍ധസെഞ്ചറിക്ക് പിന്നാലെ ബുമ്രക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും അടിതുടര്‍ന്ന ത്രിപാഠി കൊല്‍ക്കത്തയെ അതിവേഗം ലക്ഷ്യത്തിലേക്ക് നയിച്ചു.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്(7) ക്രീസില്‍ അധികം ആയുസുണ്ടായില്ലെങ്കിലും നിതീഷ് റാണയെ(5) കൂട്ടുപിടിച്ച് ത്രിപാഠി കൊല്‍ക്കത്തയെ അവിസ്മരണീയ ജയത്തിലേക്ക് നയിച്ചു. 29 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ത്രിപാഠി 42 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് 74 റണ്‍സടിച്ചത്.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ക്രുനാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തി.

തകര്‍പ്പന്‍ തുടക്കം നഷ്ടമാക്കി മുംബൈയുടെ മധ്യനിര

ടോസ് നേടി ക്രീസിലിറങ്ങിയ മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡീ കോക്കും ആദ്യ രണ്ടോവറില്‍ കരുതലോടെയാണ് തുടങ്ങിയത്. നിതീഷ് റാണയാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ രോഹിത്തും ഡീ കോക്കും ഓരോ ബൗണ്ടറി നേടി വെടിക്കെട്ടിന് തിരികൊളുത്തി. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി രോഹിത് മുംബൈയെ ടോപ് ഗിയറിലാക്കി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു സിക്സ് അടക്കം 11 റണ്‍സടിച്ച മുംബൈ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സടിച്ച് ആറോവറില്‍ 56 റണ്‍സുമായി പവര്‍ പ്ലേ പവറാക്കി.

പവര്‍പ്ലേക്ക് പിന്നാലെ രോഹിത്തിന് സ്കോറിംഗ് വേഗം കൂട്ടാനാവാതെ പോയതോടെ മുംബൈ കിതച്ചു. ഒടുവില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ രോഹിത് നരെയ്നെ സിക്സിന് പറത്താനുള്ള രോഹിത്തിന്‍റെ ശ്രമം ബൗണ്ടറിയില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലൊതുങ്ങി. 30 പന്തില്‍ 33 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം.

നിരാശപ്പെടുത്തി സൂര്യകുമാറും ഇഷാന്‍ കിഷനും

പതിവുഫോമിലേക്ക് ഉയരാവാനാതെ പോയ സൂര്യകുമാര്‍ യാദവ്(10 പന്തില്‍ 5) മടങ്ങിയതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ ഡീ കോക്കും(42 പന്തില്‍ 55), റസലിനെ സിക്സടിച്ച് പ്രതീക്ഷ നല്‍കിയതിന് പിന്നാലെ ഇഷാന്‍ കിഷനും(13 പന്തില്‍ 14) മടങ്ങിയതോടെ മുംബൈയില്‍ നിന്ന് വമ്പന്‍ സ്കോര്‍ അകന്നു. കീറോണ്‍ പൊള്ളാര്‍ഡ്(15 പന്തില്‍ 21) തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ പൊള്ളാര്‍ഡ് റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി, ലോക്കി ഫെര്‍ഗൂസന്‍റെ അവസാന ഓവറില്‍ പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും(9 പന്തില്‍ 12) വീണതോടെ മുംബൈ ടോട്ടല്‍ റണ്‍സിലൊതുങ്ങി.

Follow Us:
Download App:
  • android
  • ios