വൈകിട്ട് 3.30ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനാണ് ഡല്‍ഹി ഇറങ്ങുന്നത്. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ പിന്നിലാകാതിരിക്കാനാണ് കൊല്‍ക്കത്ത ഇറങ്ങന്നുന്നത്.

ഷാര്‍ജ: ഐപിഎല്ലിലെ (IPL 2021) ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders), ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) നേരിടും. വൈകിട്ട് 3.30ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനാണ് ഡല്‍ഹി ഇറങ്ങുന്നത്. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ പിന്നിലാകാതിരിക്കാനാണ് കൊല്‍ക്കത്ത ഇറങ്ങന്നുന്നത്. 

ഷാര്‍ജയില്‍ ഇന്ന് ജയിച്ചാല്‍ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാം ക്യാപ്പിറ്റല്‍സിന്. കഗിസോ റബാഡ, ആന്റിച്ച് നോര്‍കിയ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിര സീസണിലെ തന്നെ ഏറ്റവും മികച്ചത്. സ്റ്റോയിനിസിന് പരിക്കേറ്റപ്പോള്‍ മൂന്ന് വിദേശതാരങ്ങളെ മാത്രം ഇറക്കിയതില്‍ അറിയാം ഡല്‍ഹിയുടെ ആത്മവിശ്വാസം.

ചെന്നൈക്കെതിരെ അവസാനപന്തില്‍ തോല്‍വി വഴങ്ങിയെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ള കൊല്‍ക്കത്ത ലക്ഷ്യമിടുന്നത് അഞ്ചാം ജയം. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ആന്ദ്രേ റസല്‍ (Andre Russell) അന്തിമ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല. ഇരുടീമുകളും ആദ്യഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ , ഡല്‍ഹിയാണ് ജയിച്ചത്. 

പരിക്കേറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ കുല്‍ദീപ് യാദവ് (Kuldeep Yadav) നാട്ടിലേക്ക് മടങ്ങി. യുഎഇയില്‍ ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് കുല്‍ദീപിന് പരിക്കേറ്റത്. കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റ കുല്‍ദീപിന് ആഭ്യന്തര സീസണും നഷ്ടമായേക്കും. 

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 10 മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഡല്‍ഹിക്ക് ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുണ്ട്. ജയിച്ചാല്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്താം.