മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാന്‍ റോയൽസിന് തിരിച്ചടി. ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി. റോയൽസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുളള ബയോ ബബിളില്‍ തുടരുന്നത് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നാണ് ലിയാം ലിവിംങ്സ്റ്റണ്‍ പറയുന്നത്. താരത്തിന്‍റെ ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് രാജസ്ഥാൻ റോയല്‍സ് പ്രതികരിച്ചു. ഈ സീസണില്‍ 75 ലക്ഷം രൂപക്കാണ് താരത്തെ വാങ്ങിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളിലും കളിപ്പിച്ചിരുന്നില്ല. 

ഇംഗ്ലീഷ് താരങ്ങളുടെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് സീസണില്‍ കനത്ത തിരിച്ചടിയാവുകയാണ്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്ന് കളിക്കുമെന്ന് വ്യക്തവുമല്ല. ഇതിന് പിന്നാലെയാണ് ലിവിങ്സ്റ്റണിന്‍റെ പിന്‍മാറ്റം. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2017ല്‍ ടി20 അരങ്ങേറ്റം കുറിച്ച ലിവിംങ്സ്റ്റണ്‍ ഇംഗ്ലണ്ടിനായി കുട്ടിക്രിക്കറ്റില്‍ രണ്ട് മത്സരം മാത്രമാണ് കളിച്ചത്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 16 റണ്‍സ് നേടി. ഐപിഎല്‍ പതിനാലാം സീസണില്‍ എത്തും മുമ്പ് ഓസ്‌ട്രേലിയയില്‍ ബിഗ്‌ ബാഷ് ടി20 ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേര്‍സിനായി ലിവിംങ്സ്റ്റണ്‍ കളിച്ചിരുന്നു. 

ഒന്നുകൂടി ചെയ്‌ത് നോക്ക്, കാണാം; ധവാന് മങ്കാദിങ് മുന്നറിയിപ്പുമായി പൊള്ളാര്‍ഡ്

ഐപിഎല്‍ പതിനാലാം സീസണില്‍ ബയോ ബബിള്‍ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്‍മാറുന്ന നാലാം താരമാണ് ലിയാം ലിവിംങ്സ്റ്റണ്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ജോഷ് ഹേസല്‍വുഡ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജോഷ്വ ഫിലിപ്പെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പേ പിന്‍മാറിയിരുന്നു. 

ഇത്തവണ പ്രതിരോധിക്കാനായില്ല; മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം