Asianet News MalayalamAsianet News Malayalam

പ്ലേ ഓഫ് കൊതിച്ച് കൊല്‍ക്കത്ത; രാജസ്ഥാനെതിരെ മികച്ച തുടക്കം

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് സഞ്ജുവും കൂട്ടരും ഇറങ്ങിയത്. 

IPL 2021 Match 54 KKR vs RR Kolkata Knight Riders got solid start vs Rajasthan Royals
Author
Sharjah - United Arab Emirates, First Published Oct 7, 2021, 7:56 PM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) മികച്ച തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 34 റണ്‍സെടുത്തിട്ടുണ്ട്. വെങ്കടേഷ് അയ്യരും(13*), ശുഭ്‌മാന്‍ ഗില്ലുമാണ്(18*) ക്രീസില്‍. 

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് സഞ്ജുവും കൂട്ടരും ഇറങ്ങിയത്. ക്രിസ് മോറിസ്, ലയാം ലിവിംഗ്‌സ്റ്റണ്‍, അനൂജ് റാവത്ത്, ജയദേവ് ഉനദ്‌ഘട്ട് എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കൊല്‍ക്കത്തയില്‍ പേസര്‍ ടിം സൗത്തിക്ക് പകരം പരിക്ക് മാറി ലോക്കി ഫെര്‍ഗൂസനെത്തി.  

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, അനൂജ് റാവത്ത്, ശിവം ദുബെ, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കരിയ, മുസ്‌തഫിസൂര്‍ റഹ്‌മാന്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക്, ഷാക്കിബ് അല്‍ ഹസന്‍, സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി. 

മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ എത്തുന്നത്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസമുണ്ട് കൊല്‍ക്കത്തയ്‌ക്ക്. യുഎഇയിലെത്തിയ കൊല്‍ക്കത്ത കൂടുതല്‍ കരുത്തരാണ്. രണ്ടാംഘട്ടത്തില്‍ ആറ് കളിയില്‍ നാലിലും ജയിച്ചു.

മുംബൈയും കൊല്‍ക്കത്തയും ഒരുപോലെ പ്ലേഓഫിനായി മുന്നിലുണ്ട്. കൊല്‍ക്കത്തയുടെ തോല്‍വി മുംബൈയ്‌ക്ക് പ്ലേ ഓഫിലേക്ക് വഴിയൊരുക്കും. മറിച്ച് കൊല്‍ക്കത്ത ജയിച്ചാല്‍ വമ്പന്‍ ജയം നേടി മുംബൈ റണ്‍നിരക്ക് മറികടക്കുന്നത് മാത്രം ഭയന്നാല്‍ മതി.  
 
എന്നാല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കണം. ബാറ്റിംഗില്‍ നായകന്‍ തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ നിരാശയാണ് രാജസ്ഥാന് ഈ സീസണ്‍. യശസ്വി ജയ്‌സ്വാള്‍ ഒഴികെ മറ്റാര്‍ക്കും താളം കണ്ടെത്താനുമായില്ല. ഇംഗ്ലീഷ് താരങ്ങളില്‍ പ്രമുഖരെല്ലാം മടങ്ങിയപ്പോള്‍ ടീമിന്റെ നടുവൊടിഞ്ഞു. അടുത്ത സീസണില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായതിനാല്‍ സ്ഥാനം മെച്ചപ്പെടുത്താനാകും ശ്രമം. 

ഐപിഎല്‍: വമ്പന്‍ ജയം, പോയന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി പഞ്ചാബ്, ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് രാഹുല്‍

Follow Us:
Download App:
  • android
  • ios