Asianet News MalayalamAsianet News Malayalam

വെടിക്കെട്ട് മര്‍ക്രാമില്‍ മാത്രം; മുംബൈക്കെതിരെ മികച്ച സ്‌കോറിലെത്താതെ പഞ്ചാബ്

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തു

IPL 2021 MI vs PBKS Mumbai Indians needs 136 runs to win vs Punjab Kings
Author
Abu Dhabi - United Arab Emirates, First Published Sep 28, 2021, 9:19 PM IST

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം നില മെച്ചപ്പെടുത്തിയെങ്കിലും മികച്ച സ്‌കോറിലെത്താതെ പഞ്ചാബ് കിംഗ്‌സ്(Punjab Kings). ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തു. 29 പന്തില്‍ 42 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. മുംബൈക്കായി ബുമ്രയും പൊള്ളാര്‍ഡും രണ്ട് വീതവും ക്രുനാലും ചഹാറും ഓരോ വിക്കറ്റും നേടി. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് വന്‍ ബാറ്റിംഗ് ദുരന്തമാണ് ആദ്യ എട്ട് ഓവറുകള്‍ക്കിടെ നേരിടേണ്ടവന്നത്. അഞ്ച് ഓവറുകളില്‍ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമായിരുന്നു. എന്നാല്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ മന്ദീപ് സിംഗിനെ(14 പന്തില്‍ 15) ക്രുനാല്‍ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. പൊള്ളാര്‍ഡിന്‍റെ തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയ്‌ലും(4 പന്തില്‍ 1), കെ എല്‍ രാഹുലും(22 പന്തില്‍ 21) ക്യാച്ചുകളില്‍ മടങ്ങി. ബുമ്ര എറിഞ്ഞ എട്ടാം ഓവറില്‍ നിക്കോളാസ് പുരാനും(3 പന്തില്‍ 2) വീണു. 

ആഘാതത്തില്‍ നിന്ന് പതുക്കെ കരകയറാനുള്ള ത്രാണിയെ ക്രീസിലൊന്നിച്ച എയ്‌ഡന്‍ മര്‍ക്രാമിനും ദീപക് ഹൂഡയ്‌ക്കുമുണ്ടായിരുന്നുള്ളൂ. 61 റണ്‍സ് കൂട്ടുകെട്ടുമായി ഇരുവരും പഞ്ചാബിന് ശ്വാസം നല്‍കി. 29 പന്തില്‍ 42 റണ്‍സെടുത്ത മര്‍ക്രാമാണ് ആദ്യം പുറത്തായത്. രാഹുല്‍ ചഹാറിനായിരുന്നു വിക്കറ്റ്. 26 പന്തില്‍ 28 റണ്‍സെടുത്ത ഹൂഡ ബുമ്രയുടെ 19-ാം ഓവറില്‍ പുറത്തായി. എന്നാല്‍ ഹര്‍പ്രീത് ബ്രാറും(6*), നേഥന്‍ എല്ലിസും(14*) പുറത്താവാതെ നിന്നു. അവസാന ഓവറുകളില്‍ ബുമ്രയും കോള്‍ട്ടര്‍ നൈലും കൂറ്റനടികള്‍ക്ക് പഞ്ചാബിനെ അനുവദിച്ചില്ല. 

ടോസ് നേടിയ മുബൈ ഇന്ത്യന്‍സ്(Mumbai Indians) നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma) ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരിയും ആദം മില്‍നെയ്‌ക്ക് പകരം നേഥന്‍ കോള്‍ട്ടര്‍ നൈലും ഇലവനിലെത്തി. അതേസമയം പഞ്ചാബില്‍ പരിക്കിലുള്ള ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പകരം മന്ദീപ് സിംഗ് ഇടംപിടിച്ചു. എന്നാല്‍ മന്ദീപിന് ഇന്നിംഗ്‌സ് നിരാശയായി. 

ഇരു ടീമിലും മാറ്റം

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍(നായകന്‍), മന്ദീപ് സിംഗ്, ക്രിസ് ഗെയ്‌ല്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഹര്‍പ്രീത് ബ്രാര്‍, നേഥന്‍ എല്ലിസ്, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിംഗ്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(നായകന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, നേഥന്‍ കോള്‍ട്ടര്‍ നൈല്‍, രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്. 

പതിനായിരത്തിലേറെ റണ്‍സും 300 വിക്കറ്റും; ടി20യില്‍ പൊള്ളാര്‍ഡിന് അപൂര്‍വ ഡബിള്‍

 

Follow Us:
Download App:
  • android
  • ios