പവര്‍ പ്ലേക്ക് പിന്നാലെ നിലയുറപ്പിച്ചെന്ന് കരുതിയ ക്വിന്‍റണ്‍ ഡീ കോക്കിനെ(18 പന്തില്‍ 19) ആന്‍റിച്ച് നോര്‍ട്യയുടെ കൈകളിലെത്തിച്ച് അക്സര്‍ പട്ടേല്‍ മുംബൈയുടെ തകര്‍ച്ചക്ക് വഴിമരുന്നിട്ടു. അശ്വിനെതിരെ രണ്ട് ബൗണ്ടറികളും റബാഡക്കെതിരെ സിക്സും നേടി സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് പോരാട്ടം തുടര്‍ന്നു.

ഷാര്‍ജ: ഷാര്‍ജയിലെ(Sharjha) സ്ലോ പിച്ചില്‍ ഇഴഞ്ഞു നീങ്ങിയശേഷം തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഐപിഎല്ലിലെ(IPL 2021) നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 130 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തില്‍ 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ്(Suryakumar Yadav) മുംബൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനും(Avsesh Khan) 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും(Axar Patel) ബൗളിംഗില്‍ തിളങ്ങി.

ഇഴച്ചില്‍, തുഴച്ചില്‍, തകര്‍ച്ച

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് രണ്ടാം ഓവറിലെ തിരിച്ചടിയേറ്റു. ഏഴ് റണ്‍സെടുത്ത ക്യാപ്റ്റന് രോഹിത് ശര്‍മയെ തുടക്കത്തിലെ നഷ്ടമായതോടെ മുംബൈയുടെ സ്കോറിംഗ് മന്ദഗതിയിലായി. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും പവര്‍ പ്ലേയില്‍ മുംബൈക്ക് നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് മാത്രം.

അക്സര്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് മുംബൈ

പവര്‍ പ്ലേക്ക് പിന്നാലെ നിലയുറപ്പിച്ചെന്ന് കരുതിയ ക്വിന്‍റണ്‍ ഡീ കോക്കിനെ(18 പന്തില്‍ 19) ആന്‍റിച്ച് നോര്‍ട്യയുടെ കൈകളിലെത്തിച്ച് അക്സര്‍ പട്ടേല്‍ മുംബൈയുടെ തകര്‍ച്ചക്ക് വഴിമരുന്നിട്ടു. അശ്വിനെതിരെ രണ്ട് ബൗണ്ടറികളും റബാഡക്കെതിരെ സിക്സും നേടി സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് പോരാട്ടം തുടര്‍ന്നു. എന്നാല്‍ സൂര്യകുമാറിനെ (26 പന്തില്‍ 33)വീഴ്ത്തി അക്സര്‍ പട്ടേല്‍ രണ്ടാം പ്രഹരം ഏല്‍പ്പിച്ചതോടെ മുംബൈ കിതച്ചു. പിന്നാലെ സൗരഭ് തിവാരി(18 പന്തില്‍ 15), കീറോണ്‍ പൊള്ളാര്‍ഡ്(6) എന്നിവരും വീണതോടെ മുംബൈ 87-5ലേക്ക് കൂപ്പുകുത്തി.

Scroll to load tweet…

100 കടത്തി പാണ്ഡ്യ ബ്രദേഴ്സ്

അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനായില്ലെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ 100 കടത്തിയത്. മുംബൈ ഇന്നിംഗ്സില്‍ ആകെ പിറന്നത് എട്ട് ബൗണ്ടറികളും രണ്ട് സിക്സുകളും മാത്രമാണ്. ആന്‍റിക്ക് നോര്‍ട്യയും ആവേശ് ഖാനും എറിഞ്ഞ പതിനഞ്ചാമത്തെയും പതിനാറാമത്തെയും ഓവറില്‍ മുംബൈ നേടിയത് ഒരു റണ്‍സ് മാത്രം.

Scroll to load tweet…

പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ മംബൈയുടെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ടു. അതേ ഓവറില്‍ കോള്‍ട്ടര്‍നൈലിനെയും മടക്കി ആവേശ് ഖാന്‍ മുംബൈയുടെ ആവേശം തണുപ്പിച്ചു. അവസാന ഓവറില്‍ അശ്വിനെതിരെ 13 റണ്‍സ് നേടാനായാതാണ് മുംബൈയെ 129ല്‍ എത്തിച്ചത്. അവസാന പന്ത് സിക്സിന് പറത്തി ക്രുനാല്‍ പാണ്ഡ്യ(13) മുംബൈ ഇന്നിംഗ്സിന് അല്‍പം മാന്യത നല്‍കി.