Asianet News MalayalamAsianet News Malayalam

ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ലെന്ന് എന്‍ ശ്രീനിവാസന്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന 13 കളിക്കാര്‍ ഐപിഎല്ലിലെ വിവിധ ടീമുകളിലായും ഇന്ത്യന്‍ ടീമിനായുമെല്ലാം കളിക്കുന്നുണ്ട്. തമിഴ്നാട് പ്രീമിയര്‍ ലീഗിന് ഇന്ന് നിരവധി കാണികളുണ്ട്. അത് കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

IPL 2021: No CSK Without MS Dhoni, No MS Dhoni Without CSK says N Srinivasan
Author
Chennai, First Published Oct 18, 2021, 10:16 PM IST

ചെന്നൈ: അടുത്ത ഐപിഎല്ലിലും(IPL) എം എസ് ധോണി(MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) ടീമിന്‍റെ അവിഭാജ്യഘടകമായിരിക്കുമെന്ന് വ്യക്തമാക്കി ചെന്നൈ ടീം ഉടമയും ബിസിസിഐ(BCCI) മുന്‍ പ്രസിഡന്‍റുമായ എന്‍ ശ്രീനിവാസന്‍(N Srinivasan). ധോണിയില്ലാതെ ചെന്നൈ ടീമില്ലെന്നും ചെന്നൈ ടീം ഇല്ലാതെ ധോണിയില്ലെന്നും ഐപിഎല്‍ കിരീടവുമായി തിരുപ്പതി വെങ്കിടേശ്വരക്ഷേത്രം സന്ദര്‍ശിച്ചശേഷം ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധോണി ചെന്നൈ ടീമിന്‍റെ ഭാഗമാണ്. ധോണിയില്ലാതെ ചെന്നൈയില്ലാതെ ധോണിയുമില്ല. ഐപിഎല്ലില്‍ അടുത്ത സീസണില്‍ എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് ഒറ്റ കളിക്കാരന്‍ പോലും ചെന്നൈ ടീമില്‍ ഇല്ലെന്ന വിമര്‍ശനത്തോടും ശ്രീനിവാസന്‍ പ്രതികരിച്ചു.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന 13 കളിക്കാര്‍ ഐപിഎല്ലിലെ വിവിധ ടീമുകളിലായും ഇന്ത്യന്‍ ടീമിനായുമെല്ലാം കളിക്കുന്നുണ്ട്. തമിഴ്നാട് പ്രീമിയര്‍ ലീഗിന് ഇന്ന് നിരവധി കാണികളുണ്ട്. അത് കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ടി20 ലോകകപ്പിനുശേഷം ധോണി ചെന്നൈയില്‍ തിരിച്ചെത്തിയാലെ ഐപിഎല്‍ കിരീടം നേടിയതിന്‍റെ ആഘോഷം നടത്തുകയുള്ളൂവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ധോണി നാട്ടിലെത്തിയശേഷം ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന വിജയാഘോഷ ചടങ്ങില്‍ ഐപിഎല്‍ കിരീടം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സമ്മാനിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡ് അംഗം കൂടിയായ ശ്രീനിവാസന്‍ ഐപിഎല്‍ കിരീടം ക്ഷേത്രിത്തില്‍ പൂജിച്ചശേഷമാണ് മടങ്ങിയത്. ശ്രീനവാസന്‍റെ മകളും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ രൂപ ഗുരുനാഥ്, ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥനും ശ്രീനവാസനൊപ്പമുണ്ടായിരുന്നു.

ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ഇത്തവണ ശക്തമായി തിരിച്ചുവന്നാണ് കിരീടത്തില്‍ മുത്തമിട്ടത്.

Follow Us:
Download App:
  • android
  • ios