ക്വാളിഫയറില്‍ സ്ഥാനം ഉറപ്പാക്കാന്‍ ചെന്നൈക്ക് ഒരു ജയം കൂടി അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് ഏറ്റവും കൂടുതലുള്ള ടീമായതിനാല്‍ ചെന്നൈ ക്വാളിഫയറിലെത്താതിരുന്നാല്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.

ദുബായ്: ഐപിഎല്‍ (ഐപിഎല്‍ 2021) ക്വാളിഫയര്‍ ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഇന്ന് പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടും. വൈകീട്ട് 3.30ന് ദുബായിയിലാണ് മത്സരം. പ്ലേഓഫ് ബെര്‍ത്ത് പോലുമില്ലാതെ തിരിച്ചടി നേരിട്ട കഴിഞ്ഞ സീസണ്‍ മറക്കാന്‍ ഇത്തവണ കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. പഞ്ചാബാവട്ടെ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. 

ക്വാളിഫയറില്‍ സ്ഥാനം ഉറപ്പാക്കാന്‍ ചെന്നൈക്ക് ഒരു ജയം കൂടി അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് ഏറ്റവും കൂടുതലുള്ള ടീമായതിനാല്‍ ചെന്നൈ ക്വാളിഫയറിലെത്താതിരുന്നാല്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനോടും ഡല്‍ഹി കാപിറ്റല്‍സിനോടും തുടരെ പരാജയപ്പെട്ട ചെന്നൈക്ക് പ്ലേഓഫിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് പ്രധാനം.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഡ്വയിന്‍ ബ്രാവോയെ മാറ്റിനിര്‍ത്തില്ല. റെയ്‌ന തിരിച്ചെത്തിയില്ലെങ്കില്‍ റോബിന്‍ ഉത്തപ്പ തുടരും. നായകന്‍ ധോനി ബാറ്റിംഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

നന്നായി കളിച്ചിട്ടും പടിക്കല്‍ കലമുടച്ച അവസ്ഥയിലാണ് പഞ്ചാബ്. സ്ഥിരതയില്ലായ്മയാണ് ടീമിന്റെ ദൗര്‍ബല്യം. നായകന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നല്‍കുന്ന മിന്നും തുടക്കം മുതലാക്കാനാകാത്തത് തിരിച്ചടി. ബൗളിങ്ങില്‍ കാര്യമായ പ്രതിസന്ധിയില്ല. 

ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായാല്‍ ചെന്നൈയുടെ ക്വാളിഫയര്‍ പ്രതീക്ഷയ്ക്ക് വിള്ളലേല്‍പ്പിക്കാനാകും പഞ്ചാബിന്. പരസ്പരമുള്ള പോരാട്ടങ്ങളില്‍ വ്യക്തമായ ആധിപത്യം ചെന്നൈയ്ക്കുണ്ട്. 24 കളികളില്‍ 15ലും ജയിച്ചത് ധോണിയും സംഘവും.