മുംബൈ: ഐപിഎല്‍ ആരംഭിച്ച ശേഷം ഏറ്റവും വലിയ കൊഴിഞ്ഞുപോക്കുണ്ടായത് രാജസ്ഥാന്‍ റോയല്‍സിനാണ്. പരിക്കിനെ തുടര്‍ന്ന് ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ പിന്മാറിയിരുന്നു. ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയുന്നതിന്റെ ബുദ്ധിമുട്ട് ചൂണ്ടികാണിച്ച് ഇംഗ്ലണ്ടിന്റെ തന്നെ ലിയാം ലിവിങ്‌സറ്റണും നാട്ടിലേക്ക് തിരിച്ചു. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂഷമായതോടെ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈയും നാട്ടിലേക്ക് തിരിച്ചിരുന്നു. 

ഇവര്‍ക്കാര്‍ക്കും പകരാക്കാരെ കൊണ്ടുവരാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. സ്റ്റോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ ഡര്‍ ഡസ്സണ്‍ ടീമിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ പകരക്കാരെ ടീമിലെത്തിക്കാന്‍ മറ്റു ഫ്രാഞ്ചൈസികളെ സമീപിച്ചിരിക്കുകയാണ് രാജസ്ഥാന്‍. താരങ്ങളെ അന്വേഷിച്ച് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് ഫ്രാഞ്ചൈസികള്‍ക്ക് കത്തെഴുതിയെന്നാണ് അറിയുന്നത്.

സീസണില്‍ രണ്ട് മത്സരങ്ങളില്‍ കൂടുതല്‍ കളിച്ച താരങ്ങളെ ലോണിലൂടെ സ്വന്തമാക്കാന്‍ കഴിയില്ല. ലോണിലെത്തിയ താരങ്ങള്‍ക്ക് ഈ സീസണില്‍ പിന്നീട് ഹോം ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാനാവില്ല. നിലവില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ രണ്ട് ജയം മാത്രമാണുള്ളത്. നാല് പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാന്‍.