Asianet News MalayalamAsianet News Malayalam

അവിശ്വസനീയം കാര്‍ത്തിക് ത്യാഗി, അവിശ്വസനീയം രാജസ്ഥാന്‍; വീണ്ടും പടിക്കല്‍ കലമുടച്ച് പഞ്ചാബ്

കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവാസന ഓവറില്‍ എട്ടു വിക്കറ്റ് ശേഷിക്കെ പഞ്ചാബിന് ജയത്തിലേക്ക് നാലു റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. തകര്‍പ്പനടികളുമായി ക്രീസിലുണ്ടായിരുന്നത് ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും.

IPL 2021: Rajasthan Royals beat Punjab Kings by 2 runs in a thriller
Author
Dubai - United Arab Emirates, First Published Sep 21, 2021, 11:52 PM IST

ദുബായ്: ഐപിഎല്ലില്‍ (IPL 2021)  അവസാന ഓവറില്‍ ജയത്തിലേക്ക് നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബ് കിംഗ്സിനെ(Punjab Kings)  എറിഞ്ഞുവീഴ്ത്തി കാര്‍ത്തിക് ത്യാഗി(Kartik Tyagi) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) സമ്മാനിച്ചത് അവിശ്വസനീയ വിജയം. തകര്‍പ്പന്‍ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയാണ് കാര്‍ത്തിക് ത്യാഗി രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ രാജസ്ഥാന്‍ റോയല്‍ 20 ഓവറില്‍ 185ന് ഓള്‍ ഔട്ട്, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 183-4.

നാടകീയം രാജസ്ഥാന്‍റെ ജയം

അവസാന ഓവര്‍ വരെ പഞ്ചാബിന്‍റെ കൈയിലായിരുന്നു കളി. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 12 ഓവറില്‍ 120 റണ്‍സടിച്ചപ്പോഴെ രാജസ്ഥാന്‍റെ പിടി അയഞ്ഞു. സ്ട്രൈക്ക് ബൗളറായ ക്രിസ് മോറിസിനെ പഞ്ചാബ് തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് മുന്നില്‍ മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.

രാഹലും(49), മായങ്കും(67) മടങ്ങിയപ്പോള്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ ഏയ്ഡന്‍ മാര്‍ക്രവും(26*) നിക്കോളാസ് പുരാനും(22 പന്തില്‍ 32) ചേര്‍ന്ന് തല്ലിപ്പറത്തിയപ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷ കൈവിട്ടിരുന്നു. എട്ടു വിക്കറ്റ് ശേഷിക്കെ അവസാന  രണ്ടോവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. മുസ്തഫിസുര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പഞ്ചാബിന് നേടാനായത് നാലു റണ്‍സ് മാത്രം.

ഇതോടെ കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ പ‍ഞ്ചാബിന് ജയത്തിലേക്കുള്ള ദൂരം വെറും നാലു റണ്‍സ്. തകര്‍ത്തടിക്കുന്ന പുരാനും മാര്‍ക്രവും അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയിരിക്കെയാണ് കാര്‍ത്തിക് ത്യാഗി മനോഹരമായ യോര്‍ക്കറുകളിലൂടെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇരട്ടപ്രഹരത്തിലൂടെയും കളി രാജസ്ഥാന് അനുകൂലമാക്കിയത്.

തുടക്കത്തില്‍ കൈവിട്ടു കളിച്ച് രാജസ്ഥാന്‍

ആദ്യ മൂന്നോവറില്‍ 16 റണ്‍സ് മാത്രമടിച്ച പഞ്ചാബ് ചേതന്‍ സക്കറിയ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 19 റണ്‍സടിച്ച് ടോപ് ഗിയറിലായി. സക്കറിയയെ സിക്സിന് പറത്തിയ രാഹുല്‍ ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചു. നേരത്തെ ഒരു റണ്‍സില്‍ നില്‍ക്കെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച് എവിന്‍ ലൂയിസും 30 റണ്‍സില്‍ നില്‍ക്കെ റിയാന്‍ പരാഗും കൈവിട്ടിരുന്നു. തൊട്ടു പിന്നാലെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച്  ചേതന്‍ സക്കറിയയും നിലത്തിട്ടത് പഞ്ചാബിന് അനുഗ്രഹമായി. പവര്‍ പ്ലേയില്‍ 49 റണ്‍സാണ് പ‍ഞ്ചാബ് അടിച്ചെടുത്തത്.

പവര്‍ പ്ലേക്ക് പിന്നാലെ മായങ്ക് അഗര്‍വാള്‍ തകര്‍ത്തടിച്ചതോടെ പഞ്ചാബ് അതിവേഗം കുതിച്ചു. ക്രിസ് മോറിസ് എറിഞ്ഞ പത്താം ഓവറില്‍ 25 റണ്‍സടിച്ച് രാഹുലും മായങ്കും പഞ്ചാബിനെ 100 കടത്തി. അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ മടങ്ങി. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ കാര്‍ത്തിക് ത്യാഗിയാണ് ക്യാച്ചെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-മായങ്ക് സഖ്യം 11.5 ഓവറില്‍ 120 റണ്‍സടിച്ചു.രാഹുലിന് പിന്നാലെ മായങ്കിനെ(67) വീഴ്ത്തി രാഹുല്‍ തിവാട്ടിയ രാജസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും നിക്കൊളാസ് പുരാനും ഏയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് പഞ്ചാബിനെ അനായാസം മുന്നോട്ടു നയിച്ചു. പിന്നീടായിരുന്നു അവസാന ഓവറിലെ അവിശ്വസനീയ ട്വിസ്റ്റ്.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ യുവതാരങ്ങളായ മഹിപാല്‍ ലോമറോറിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ജയ്‌സ്വാള്‍ 36 പന്തില്‍ 49 റണ്‍സടിച്ചപ്പോള്‍ ലോമറോര്‍ 17 പന്തില്‍ 43 റണ്‍സടിച്ചു.

വെടിക്കെക്കെട്ട് തുടക്കം നഷ്ടമാക്കി രാജസ്ഥാന്‍; നിരാശപ്പെടുത്തി സഞ്ജു

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാനുവേണ്ടി യശസ്വി ജയ്‌സ്വാളും എവിന്‍ ലൂയിസുമാണ് ഇന്നിംഗ്സ് തുറന്നത്. ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമിയെ രണ്ടു തവണ ബൗണ്ടറി കടത്തി ജയ്‌സ്വാള്‍ തുടങ്ങിയെങ്കിലും ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയത് എവിന്‍ ലൂയിസായിരുന്നു. രണ്ടാം ഓവറില്‍ ഇഷാന്‍ പോറലിനെ സിക്സടിച്ച് തുടങ്ങിയ ലൂയിസ് പവര്‍ പ്ലേയിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 54ല്‍ എത്തിയിരുന്നു. 21 പന്തില്‍ 36 റണ്‍സെടുത്താണ് ലൂയിസ് മടങ്ങിയത്.

ഐപിഎല്‍ ആദ്യഘട്ടത്തില്‍ പഞ്ചാബിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ലൂയിസ് മടങ്ങിയതിന് പിന്നാലെ ആദില്‍ റഷീദിനെതിരെ ആക്രമണം ഏറ്റെടുത്ത ജയ്‌സ്വാള്‍ സ്കോറിംഗ് വേഗം കൂട്ടുന്നതിനിടെ സഞ്ജു സാംസണെ പോറല്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. അഞ്ച് പന്തില്‍ നാലു റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.

ഡെയ്ഞ്ചറസ് ലിവിംഗ്സ്റ്റണ്‍, റോറിംഗ് ലോമറോര്‍

സഞ്ജു മടങ്ങിയടിന് പിന്നാലെ ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടെങ്കിലും നിലയുറപ്പിച്ചതോടെ തകര്‍ത്തടിച്ചു. അര്‍ഷദീപിനെതിരെ ഫോറും സിക്സും അടിച്ച് ലിവിംഗ്സ്റ്റണ്‍ അപകടകാരിയാകുന്നതിനിടെ ബൗണ്ടറി ലൈനില്‍ ഫാബിയന്‍ അലന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ലിവിംഗ്സ്റ്റണ്‍ മടങ്ങി. 17 പന്തില്‍ 25 റണ്‍സെടുത്ത ലിവിംഗ്സ്റ്റണെ അര്‍ഷദീപ് തന്നെയാണ് മടക്കിയത്.

ക്രീസിലെത്തിയപാടെ തകര്‍ത്തടിച്ച മഹിപാല്‍ ലോമറോറായിരുന്നു പിന്നീട് രാജസ്ഥാന്‍റെ സ്കോര്‍ ഉയര്‍ത്തിയത്. ഇതിനിടെ അര്‍ധസെഞ്ചുറിക്ക് അരികെ ഹര്‍പ്രീത് ബ്രാറിന്‍റെ പന്തില്‍ മായങ്കിന് പിടികൊടുത്ത് ജയ്‌സ്വാള്‍ മടങ്ങി.  36 പന്തില്‍ 49 റണ്‍സായിരുന്നു ജയ്‌സ്വാളിന്‍റെ സംഭാവന.

ദീപക് ഹൂഡയെ ഒരോവറില്‍ 24 റണ്‍സടിച്ച് ലോമറോര്‍ രാജസ്ഥാനെ 200 കടത്തുമെന്ന് തോന്നിച്ചെങ്കിലും ലോമറോറിനെ( 17 പന്തില്‍ 43), റിയാന്‍ പരാഗിനെ(5 പന്തില്‍ 4) ഷമിയും മടക്കിയതോടെ രാജസ്ഥാന് അവസാന ഓവറുകളില്‍ അതിവേഗം സ്കോര്‍ ചെയ്യാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തെറിഞ്ഞ ഷമിയും അര്‍ഷദീപും ചേര്‍ന്ന് രാജസ്ഥാനെ 200 കടക്കുന്നതില്‍ നിന്ന് തടഞ്ഞു. അവസാന നാലോവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയ രാജസ്ഥാന് 24 റണ്‍സ് മാത്രമാണ് നേടാനായത്.പഞ്ചാബിന് വേണ്ട് അര്‍ഷദീപ് അഞ്ചും മുഹമ്മദ് ഷമി മൂന്നും വിക്കറ്റെടുത്തപ്പോള്‍ ഇഷാന്‍ പോറലും ഹര്‍പ്രീത് ബ്രാറും ഓരോ വിക്കറ്റ് വീഴ്ത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios