Asianet News MalayalamAsianet News Malayalam

രാഹുലിന്റെ ക്ലാസ്, ഹൂഡയുടെ വെടിക്കെട്ട്; കിംഗ്‌സ് പഞ്ചാബിനെതിരെ സഞ്ജുവിനും സംഘത്തിനും കൂറ്റന്‍ വിജയലക്ഷ്യം

ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (50 പന്തില്‍ 91) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദീപക് ഹുഡയുടെ വെടിക്കെട്ട് ഇന്നിങ്‌സ് (28 പന്തില്‍ 64) നിര്‍ണായകമായി. ചേതന്‍ സകറിയ രാജസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

IPL 2021, Rajasthan Royals need huge total to win vs Kings Punjab
Author
Mumbai, First Published Apr 12, 2021, 9:40 PM IST

മുംബൈ: ഐപിഎലില്‍ കിംഗ്‌സ് പഞ്ചാബിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (50 പന്തില്‍ 91) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദീപക് ഹുഡയുടെ വെടിക്കെട്ട് ഇന്നിങ്സ് (28 പന്തില്‍ 64) നിര്‍ണായകമായി. ചേതന്‍ സകറിയ രാജസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്‌കോര്‍. 

പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ തന്നെ അവര്‍ക്ക് മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. ചേതന്‍ സകറിയയുടെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കുകയായിരുന്നു മായങ്ക്. പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- ഗെയ്ല്‍ (40) സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റിയാന്‍ പരാഗിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കി ഗെയ്ല്‍ മടങ്ങി. നാലാം വിക്കറ്റിലാണ് പഞ്ചാബിന്റെ കളി മാറിയത്. 

ദീപക് ഹൂഡ ക്രീസിലെതത്തിയത് മുതല്‍ അടി തുടങ്ങി. കേവലം 28 പന്തിലാണ് താരം 64 റണ്‍സെടുത്തത്. രാഹുലിനൊപ്പം 105 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഹൂഡയ്ക്കായി. മോറിസിന് വിക്കറ്റ് നല്‍കിയാണ് ഹൂഡ മടങ്ങിയത്. ആറ് സിക്‌സും നാല് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പിന്നാലെ ക്രീസിലെത്തി നിക്കോളാസ് പുരാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 

അവസാന ഓവറിന്റെ രണ്ടാം പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. അഞ്ച് സിക്‌സും ഏഴ് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജേ റിച്ചാര്‍ഡ്‌സണാണ് പുറത്തായ മറ്റൊരു താരം. ഷാരുഖ് ഖാന്‍ (6) പുറത്താവാതെ നിന്നു. 

ക്രിസ് മോറിസ്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവരാണ് രാജസ്ഥാന്റെ ഓവര്‍സീസ് താരങ്ങള്‍. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, റിലെ മെരെഡിത്ത് എന്നിവര്‍ പഞ്ചാബ് നിരയിലും കളിക്കും.

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വൊഹ്‌റ, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ശിവം ദുെബ, രാഹുല്‍ തെവാട്ടിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ചേതന്‍ സകറിയ, മുസ്തഫിസുര്‍ റഹ്‌മാന്‍.

കിംഗ്‌സ് പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഷാറുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, മുരുഗന്‍ അശ്വിന്‍, റിലെ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.  

Follow Us:
Download App:
  • android
  • ios