Asianet News MalayalamAsianet News Malayalam

ഐപിഎല്‍ പണത്തിന് വേണ്ടി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഡിഎന്‍എ വരെ തിരുത്തി: വിമര്‍ശനവുമായി റമീസ് രാജ

പ്രധാന താരങ്ങള്‍ക്ക് ഐപിഎല്‍ (IPL 2021) കളിക്കേണ്ടതിനാലാണ് രണ്ടാംനിര ടീമിനെ അയച്ചതെന്നായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള പ്രധാന വിമര്‍ശനം.

IPL 2021 Rameez Raja says Australians have changed their DNA for money
Author
Karachi, First Published Sep 26, 2021, 2:58 PM IST

കറാച്ചി: പാകിസ്ഥാനെതിരെ നടക്കേണണ്ട ടി20 പരമ്പരയ്ക്ക് രണ്ടാംനിര ടീമിനെയാണ് ന്യൂസിലന്‍ഡ് അയച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ പരമ്പര നടന്നില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. മത്സരം നടക്കേണ്ടതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് കിവീസ് പിന്മാറുന്നത്. അതിന് മുമ്പ് ന്യൂസിലന്‍ഡ് രണ്ടാംനിര ടീമിനെ അയച്ചിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാന താരങ്ങള്‍ക്ക് ഐപിഎല്‍ (IPL 2021) കളിക്കേണ്ടതിനാലാണ് രണ്ടാംനിര ടീമിനെ അയച്ചതെന്നായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള പ്രധാന വിമര്‍ശനം.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരേയും പാകിസ്ഥാനില്‍ നിന്ന് വിമര്‍ശനമുയരുകയാണ്. ഇത്തവണ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയാണ് കടുത്ത ഭാഷയില്‍ സംസാരിച്ചിരിക്കുന്നത്. പണം മാത്രമാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ലക്ഷ്യമെന്നാണ് റമീസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഓസീസ് താരങ്ങള്‍ ഒന്നു മയപ്പെടാറുണ്ട്. അറ്റാക്ക് ചെയ്്ത് കളിക്കാന്‍ ഓസീസ് താരങ്ങള്‍ ശ്രമിക്കാറില്ല. തങ്ങളുടെ ഐപിഎല്‍ കരാര്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഓസീസ് താരങ്ങള്‍ അങ്ങനെ ചെയ്യുന്നത്. ഐപിഎല്‍ പണം മോഹിച്ച് സ്വന്തം ഡിഎന്‍എ വരെ തിരുത്തിയവരാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. പണമാണ് അവരെ ആകര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അവര്‍ കാര്യമായിട്ടെടുക്കാറില്ല.'' അദ്ദേഹം വ്യക്തമാക്കി. 

പാകിസ്ഥാന്‍ പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പിന്മാറിയതിനെ കുറിച്ചും മുന്‍ പാക് താരം സംസാരിച്ചു. ''ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ന്യൂസിലന്‍ഡ് പോകുന്നത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡിന്റെ പാത പിന്തുടര്‍ന്നു. അവര്‍ പാകിസ്ഥാനോട് തെറ്റ് ചെയ്തു.'' റമീസ് പറഞ്ഞുനിര്‍ത്തി.

ഓസ്‌ട്രേലിയയുടെ മുതിര്‍ന്ന താരങ്ങളായ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഹേസല്‍വുഡ് എന്നിവരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്.

Follow Us:
Download App:
  • android
  • ios