മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പത്തരമാറ്റ് വിജയവുമായി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. സീസണിലെ തുടര്‍ച്ചയായ നാലാം ജയത്തോടൊപ്പം പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും കോലിയുടെ ബാംഗ്ലൂര്‍ ഇന്നലെ തിരിച്ചുപിടിച്ചിരുന്നു.

രാജസ്ഥാനെതിരെ നേടിയ പത്ത് വിക്കറ്റ് വിജയത്തോടെ ഐപിഎല്‍ ഏറ്റവും കൂടുതല്‍ പത്ത് വിക്കറ്റ് വജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ബാംഗ്ലൂരിന്‍റെ നാലാമത്തെ പത്ത് വിക്കറ്റ് ജയമാണിത്. ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ടീമും രണ്ടില്‍ കൂടുതല്‍ തവണ 10 വിക്കറ്റ് വിജയം സ്വന്തമാക്കിയിട്ടില്ലെന്ന് അറിയുമ്പോഴാണ് ബാംഗ്ലൂരിന്‍റെ ജയത്തിന്‍റെ മാറ്റ് കൂടുന്നത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തന്നെയായിരുന്നു ബാംഗ്ലൂരിന്‍റെ ആദ്യ പത്ത് വിക്കറ്റ് ജയം. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ്(2015), പഞ്ചാബ് കിംഗ്സ്(2018) എന്നിവരെയും ബാംഗ്ലൂര്‍ 10 വിക്കറ്റിന് കീഴടക്കി.

ദേവ്ദത്ത് പടിക്കലിന്‍റെ സെഞ്ചുറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും ബാംഗ്ലൂര്‍ ഇന്നലെ സ്വന്തമാക്കി. 14 സെഞ്ചുറികളാണ് ബാംഗ്ലൂര്‍ താരങ്ങളുടെ പേരിലുള്ളത്. പഞ്ചാബ് കിംഗ്സ്(13), ഡല്‍ഹി ക്യാപിറ്റല്‍സ്(10) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലും ഐപിഎല്ലില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ സെഞ്ചൂറിയനെന്ന റെക്കോര്‍ഡാണ് പടിക്കല്‍ സ്വന്തം പേരിലാക്കിയത്. 19 വയസും 253 ദിവസവും പ്രായമുള്ളപ്പോള്‍ ബാംഗ്ലൂരിനായി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയാണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ ആയിരുന്നു 114 റണ്‍സുമായി പാണ്ഡെ റെക്കോര്‍ഡിട്ടത്.

20 വയസും 218 ദിവസവും പ്രായമുള്ള പ്പോള്‍ 2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ചുറി നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സെഞ്ചൂറിയന്‍. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ചുറി നേടിയപ്പോള്‍ പടിക്കലിന്‍റെ പ്രായം 20 വയസും 289 ദിവസവുമാണ്. ഐപിഎല്ലില്‍ റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും പടിക്കല്‍ ഇന്നലെ സ്വന്തമാക്കി.

Also Read: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി