സ്വപ്‌ന തുടക്കമാണ് ശിഖര്‍ ധവാന്‍-പൃഥ്വി ഷാ സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ 55 റണ്‍സ് ചേര്‍ത്ത ഇരുവരും 10 ഓവറില്‍ ടീമിനെ 88 റണ്‍സിലെത്തിച്ചു.

ദുബായ്: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore) സ്വപ്‌നതുല്യ തുടക്കത്തിന് ശേഷം കൂറ്റന്‍ സ്‌കോറിലെത്താതെ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തു. 48 റണ്‍സെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഷിമ്രോന്‍ ഹെറ്റ്‌മയറുടെ ബാറ്റിംഗ് നിര്‍ണായകമായി. എങ്കിലും അവസാന 30 പന്തില്‍ 36 റണ്‍സേ പിറന്നുള്ളൂ. 

തുടക്കം സ്വപ്‌നതുല്യം 

സ്വപ്‌ന തുടക്കമാണ് ശിഖര്‍ ധവാന്‍-പൃഥ്വി ഷാ സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ 55 റണ്‍സ് ചേര്‍ത്ത ഇരുവരും 10 ഓവറില്‍ ടീമിനെ 88 റണ്‍സിലെത്തിച്ചു. 11-ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷാല്‍ പട്ടേലാണ് ആര്‍സിബിക്ക് ബ്രേക്ക്‌ത്രൂ നല്‍കിയത്. 35 പന്തില്‍ 43 റണ്‍സെടുത്ത ധവാന്‍ സ്ലോ ബോളില്‍ ക്രിസ്റ്റ്യന്‍റെ കൈകളിലെത്തി. റണ്ണുയര്‍ത്താന്‍ ലക്ഷ്യമിട്ട് നായകന്‍ റിഷഭ് പന്ത് തന്നെ വണ്‍ഡൗണായെത്തി. 

ചഹല്‍ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തി പൃഥ്വി ഷാ ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഷായെ(31 പന്തില്‍ 48) ഗാര്‍ട്ടണിന്‍റെ കൈകളിലാക്കി ചഹല്‍ പകരംവീട്ടി. സ്ഥാനക്കയറ്റിം കിട്ടിയ റിഷഭിന് ഇന്നിംഗ്‌സ് നിരാശയായി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത താരത്തെ 13-ാം ഓവറില്‍ ക്രിസ്റ്റ്യന്‍ വിക്കറ്റ് കീപ്പറുടെ അടുക്കലെത്തിച്ചു. 

അവസാന ഓവറുകളില്‍ ഹെറ്റ്‌മയര്‍

ഇതിന് ശേഷം ശ്രേയസ് അയ്യര്‍-ഷിമ്രോന്‍ ഹെറ്റ്‌മയര്‍ സഖ്യം ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് മറന്നത് തിരിച്ചടിയായി. 18 പന്തില്‍ അത്ര തന്നെ റണ്‍സെടുത്ത അയ്യരെ 18-ാം ഓവറില്‍ സിറാജ് പുറത്താക്കിയത് നിര്‍ണായകമായി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഹെറ്റ്‌മയറെ(21 പന്തില്‍ 29) സിറാജ് മടക്കിയപ്പോള്‍ റിപാല്‍ പട്ടേല്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി(Virat Kohli) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങിയത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഷഹ്‌ബാസ് അഹമ്മദ്, ഹര്‍ഷാല്‍ പട്ടേല്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്‍ അയ്യര്‍, റിഷഭ് പന്ത്, റിപാല്‍ പട്ടേല്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കാഗിസോ റബാഡ, ആവേഷ് ഖാന്‍, ആന്‍‌റിച്ച് നോര്‍ജെ. 

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. അതേസമയം ക്വാളിഫയര്‍ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേ ഓഫിന് മുമ്പ് മേല്‍ക്കൈ നേടാന്‍ വിജയം അനിവാര്യമാണ്. പ്ലേ ഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും ഡല്‍ഹിക്കും അവസാന മത്സരത്തില്‍ കൂടി ജയിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ലക്ഷ്യം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്നാണ് ഡല്‍ഹി വരുന്നതെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് കോലിപ്പടയെത്തുന്നത്. 

നേര്‍ക്കുനേര്‍ കണക്ക്

പരസ്‌പരമുള്ള 27 പോരാട്ടങ്ങളില്‍ 16 ജയവുമായി ബാംഗ്ലൂരാണ് മുന്നില്‍. 10 കളികളില്‍ ഡല്‍ഹിയും ജയിച്ചു.

പൊള്ളാര്‍ഡിനെയും പിന്തള്ളി അതിവേഗ ഫിഫ്റ്റി, ഇഷാന്‍ കിഷന് റെക്കോര്‍ഡ്