ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍ എന്നിവരെ ഒരോവറിലെ ആദ്യ മൂന്ന് പന്തുകളില്‍ പുറത്താക്കി ഹര്‍ഷാലിന്‍റെ ഹാട്രിക് ഹര്‍ഷാരവം

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഹര്‍ഷാല്‍ പട്ടേലിന്‍റെ(Harshal Patel) ഹാട്രിക് കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) എറിഞ്ഞ് വീഴ്‌ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore). 54 റണ്‍സിനാണ് രോഹിത് ശര്‍മ്മയുടെ(Rohit Sharma) ടീമിനെതിരെ വിരാട് കോലിയുടേയും(Virat Kohli) സംഘത്തിന്‍റേയും വിജയം. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 18.1 ഓവറില്‍ 111 റണ്‍സെടുക്കാനേയായുള്ളൂ. ഹര്‍ഷാല്‍ നാലും ചഹല്‍ മൂന്നും മാക്‌സ്‌വെല്‍ രണ്ടും സിറാജ് ഒന്നും വിക്കറ്റ് നേടി. 

മുംബൈയുടെ തുടക്കം ഉഷാര്‍

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും 56 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും കോലിക്ക് ബ്രേക്ക് ത്രൂ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഏഴാം ഓവറില്‍ പന്തേല്‍പിച്ച നായകന്‍റെ പ്രതീക്ഷ ചഹല്‍ കാത്തു. സിക്‌സറിന് ശ്രമിച്ച ഡികോക്ക്(23 പന്തില്‍ 24) മാക്‌സ്‌വെല്ലിന്‍റെ കൈകളില്‍ ഭദ്രമായി. 

മാക്‌സ്‌വെല്‍ എറിഞ്ഞ 10-ാം ഓവറില്‍ ഇഷാന്‍ കിഷന്‍റെ ഷോട്ടില്‍ ബോള്‍ തട്ടി കൈക്ക് പരിക്കേറ്റതിന് രണ്ട് പന്തുകള്‍ക്കപ്പുറം ഹിറ്റ്‌മാന്‍ പുറത്തായി. സിക്‌സറിന് ശ്രമിച്ച് ബൗണ്ടറിലൈനില്‍ പടിക്കലിന്‍റെ കൈകളില്‍ കുടുങ്ങുകയായിരുന്നു. 28 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം രോഹിത് 43 റണ്‍സ് നേടി. ചഹലിന്‍റെ തൊട്ടടുത്ത ഓവറില്‍ കിഷനും(12 പന്തില്‍ 9) വിക്കറ്റ് നഷ്‌ടമാക്കി. 

അഞ്ചാമനായി സ്ഥാനക്കയറ്റം കിട്ടിയിട്ട് മുതലാക്കാന്‍ ക്രുനാല്‍ പാണ്ഡ്യക്കായില്ല. മാക്‌സ്‌വെല്ലിന്‍റെ 14-ാം ഓവറില്‍ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച ക്രുനാലിന്‍റെ(11 പന്തില്‍ 5) വിക്കറ്റ് തെറിച്ചു. സൂര്യകുമാര്‍ യാദവായിരുന്നു അലക്ഷ്യ ഷോട്ടിന്‍റെ അടുത്ത ഇര. വൈഡ് ലൈനിന് പുറത്ത് സിറാജ് എറിഞ്ഞ സ്ലോ ബോളില്‍ ബാറ്റുവെച്ച സൂര്യകുമാര്‍(9 പന്തില്‍ 8) ഷോര്‍ട് തേഡ് മാനില്‍ ചഹലിന്‍റെ കൈകളിലെത്തി. 

ഹര്‍ഷാരവം മുഴക്കി ഹര്‍ഷാലിന്‍റെ ഹാട്രിക്

വെടിക്കെട്ട് വീരന്‍മാരായ കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും ഹര്‍ദിക് പാണ്ഡ്യയുടേയും ഊഴമായിരുന്നു അടുത്തത്. 16 ഓവറില്‍ 105 റണ്‍സാണ് മുംബൈക്കുണ്ടായിരുന്നത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഹര്‍ദിക്കിനെ(6 പന്തില്‍ 3) കോലിയുടെ കൈകളില്‍ ഹര്‍ഷാലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ പൊള്ളാര്‍ഡ്(10 പന്തില്‍ 7) ബൗള്‍ഡ്. മൂന്നാം പന്തില്‍ രാഹുല്‍ ചഹാറിനെ(0) എല്‍ബിയില്‍ കുടുക്കി ഹര്‍ഷാല്‍ ഹാട്രിക് തികച്ചു. മുംബൈ 110-8. 

ചഹലിന്‍റെ പതിനെട്ടാം ഓവറില്‍ ജസ്‌പ്രീത് ബുമ്രയും(6 പന്തില്‍ 5), ഹര്‍ഷാലിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ മില്‍നെയും(0) മടങ്ങിയതോടെ മുംബൈ കനത്ത തോല്‍വി വഴങ്ങുകയായിരുന്നു. ഹര്‍ഷാല്‍ 3.1 ഓവറില്‍ 17 റണ്‍സിന് നാലും ചഹല്‍ നാല് ഓവറില്‍ 11ന് മൂന്നും മാക്‌സ്‌വെല്‍ 23ന് രണ്ടും സിറാജ് മൂന്ന് ഓവറില്‍ 15ന് ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

കോലി, മാക്‌സ്‌വെല്‍ ഷോ

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ ആറ് വിക്കറ്റിന് 165 റണ്‍സെടുത്തു. ആര്‍സിബിക്കായി നായകന്‍ വിരാട് കോലിയും(Virat Kohli), ഗ്ലെന്‍ മാക്‌സ്‌വെല്ലും(Glenn Maxwell) അര്‍ധ സെഞ്ചുറി കണ്ടെത്തി. അവസാന രണ്ട് ഓവറില്‍ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. 

ആര്‍സിബിയുടെ ഇന്നിംഗ്‌സില്‍ ബുമ്രയുടെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ദേവ്‌ദത്ത് പടിക്കല്‍ അക്കൗണ്ട് തുറക്കാതെ ഡികോക്കിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ നായകന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതും തകര്‍പ്പനടികളുമായി 68 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. രാഹുല്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ സൂര്യകുമാറിന്‍റെ കൈകളില്‍ ഭരത് എത്തിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ഭരത് 24 പന്തില്‍ രണ്ട് വീതം സിക്‌സറും ഫോറും സഹിതം 32 റണ്‍സ് നേടി. 

കോലിക്കൊപ്പം ചേര്‍ന്ന മാക്‌സ്‌വെല്‍ താളം കണ്ടെത്തിയതോടെ 13-ാം ഓവറില്‍ ആര്‍സിബി 100 കടന്നു. കോലി 40 പന്തില്‍ ഫിഫ്റ്റി കണ്ടെത്തി. എന്നാല്‍ തൊട്ടുപിന്നാലെ കോലിയെ(42 പന്തില്‍ 51) മില്‍നെ പുറത്താക്കി. മൂന്ന് വീതം സിക്‌സറും ഫോറും കോലിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വൈകാതെ 33 പന്തില്‍ മാക്‌സ്‌വെല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി.

എറിഞ്ഞ് പിടിച്ച് ബുമ്രയും ബോള്‍ട്ടും

എന്നാല്‍ 19, 20 ഓവറുകളില്‍ ബുമ്രയും ബോള്‍ട്ടും മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 19-ാം ഓവര്‍ എറിയാനെത്തിയ ജസ്‌പ്രീത് ബുമ്ര അടുത്ത പന്തുകളില്‍ മാക്‌സ്‌വെല്ലിനെയും(37 പന്തില്‍ 56) എബിഡിയെയും(6 പന്തില്‍ 11) പറഞ്ഞയച്ചു. അവസാന ഓവറില്‍ ബോള്‍ട്ട് ഷഹ്‌ബാസ് അഹമ്മദിനെ(3 പന്തില്‍ 1) മടക്കി. ഡാനിയേല്‍ ക്രിസ്റ്റ്യനും(1), കെയ്‌ല്‍ ജാമീസണും(2) പുറത്താകാതെ നിന്നു. 

ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൗരഭ് തിവാരിക്ക് പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ് മുംബൈ നിരയില്‍ ശ്രദ്ധേയം. അതേസമയം കോലിയുടെ ആര്‍സിബി മൂന്ന് മാറ്റങ്ങള്‍ വരുത്തി. നവ്‌ദീപ് സെയ്‌നി, ഹസരംഗ, ടിം ഡേവിഡ് എന്നിവര്‍ക്ക് പകരം ഷഹ്‌ബാസ് അഹമ്മദും ഡാനിയേല്‍ ക്രിസ്റ്റ്യനും കെയ്‌ല്‍ ജാമീസണും പ്ലേയിംഗ് ഇലവനിലെത്തി.