ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് രണ്ടാമതും രാജാസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് പഞ്ചാബ് കിംഗ്‌സ്(Punjab Kings) നായകന്‍ കെ എല്‍ രാഹുല്‍(KL Rahul). റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ(RCB) 19 റണ്‍സ് നേടിയപ്പോഴാണ് രാഹുല്‍ തൊപ്പിയണിഞ്ഞത്. 12 മത്സരങ്ങളില്‍ 528 റണ്‍സുമായി രാഹുല്‍ ഒന്നാമതും 508 റണ്‍സെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് രണ്ടാമതും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ 480 റണ്‍സുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനും(462), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ഫാഫ് ഡുപ്ലസിസുമാണ്(460) നാലും അഞ്ചും സ്ഥാനങ്ങളില്‍.

Scroll to load tweet…

ഐപിഎല്ലില്‍ ഈ സീസണില്‍ അഞ്ചൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമാണ് കെ എല്‍ രാഹുല്‍. തുടര്‍ച്ചയായ നാലാം സീസണിലാണ് കെ എല്‍ രാഹുല്‍ 500ലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. പുറത്താകാതെ നേടിയ 91 റണ്‍സാണ് ഈ സീസണില്‍ രാഹുലിന്‍റെ ഉയര്‍ന്ന സ്‌കോര്‍. അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഇതിനകം പഞ്ചാബ് നായകന്‍റെ ബാറ്റില്‍ പിറന്നുകഴിഞ്ഞു. ബാറ്റിംഗ് ശരാശരി 52.80 എങ്കില്‍ 129.09 ആണ് സ്‌ട്രൈക്ക് റേറ്റ്. 41 ഫോറും 22 സിക്‌സും രാഹുല്‍ നേടി. 

ഗംഭീര തുടക്കം, എന്നിട്ടും തോറ്റ് പഞ്ചാബ്!

ഓപ്പണിംഗില്‍ കെ എല്‍ രാഹുലും(39), മായങ്ക് അഗര്‍വാളും(57) തിളങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ആറ് റണ്‍സിന്‍റെ തോല്‍വി പഞ്ചാബ് കിംഗ്‌സ് വഴങ്ങി. ആര്‍സിബി മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 158 റണ്‍സേ നേടാനായുള്ളൂ. ആദ്യ വിക്കറ്റില്‍ രാഹുലും മായങ്കും 91 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു പഞ്ചാബിന്‍റെ തോല്‍വി. മൂന്ന് വിക്കറ്റുമായി യുസ്‌വേന്ദ്ര ചാഹലാണ് പഞ്ചാബിന് വിനയായത്. 

നേരത്തെ 33 പന്തില്‍ 57 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ടാണ് ആര്‍സിബിക്ക് മികച്ച സ‌കോര്‍ സമ്മാനിച്ചത്. ഓപ്പണിംഗില്‍ വിരാട് കോലിയും ദേവ്‌ദത്ത് പടിക്കലും 68 റണ്‍സ് ചേര്‍ത്തു. 40 റണ്‍സെടുത്ത പടിക്കലാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. 18 പന്തില്‍ 23 റണ്‍സെടുത്ത എബിഡിയുടെ പ്രകടനവും നിര്‍ണായകമായി. മുഹമ്മദ് ഷമിയും മൊയിസസ് ഹെന്‍‌റിക്വസും മൂന്ന് വീതം വിക്കറ്റ് നേടി. ജയത്തോടെ ആര്‍സിബി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. 

പഞ്ചാബിന് ഇരുട്ടടി കൊടുത്ത് കോലിപ്പട; ആര്‍സിബി പ്ലേ ഓഫില്‍