രാജസ്ഥാനെതിരെ 16-ാം ഓവറില്‍ ഏഴാമനായി ക്രിസിലെത്തിയ റസലിന് ഏഴ് പന്തില്‍ ഒന്‍പത് റണ്‍സേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. 

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറക്കുന്നതില്‍ രൂക്ഷ പ്രതികരണവുമായി മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. രാജസ്ഥാന്‍ റോയല്‍സിനോട് കൊല്‍ക്കത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം. ഏഴാമനായി 16-ാം ഓവറില്‍ ക്രീസിലെത്തിയ റസലിന് ഏഴ് പന്തില്‍ ഒന്‍പത് റണ്‍സേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. 

റസലിന് കൊല്‍ക്കത്ത പൂര്‍ണ ബാറ്റിംഗ് നല്‍കുന്നില്ല. കുറച്ച് പന്തുകള്‍ മാത്രം നേരിടാനാണ് അദേഹത്തെ ഇറക്കുന്നത്. കൊല്‍ക്കത്തയ്‌ക്കൊരു ബസൂക്കയുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല എന്നും ചോപ്ര വിമര്‍ശിച്ചു. 

വിരമിക്കല്‍ എപ്പോള്‍; മനസുതുറന്ന് ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ്

മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ ജയം. കൊൽക്കത്തയുടെ 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഏഴ് പന്ത് ശേഷിക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. നായകന്‍ സഞ്ജുവിന്‍റെ 42ന് പുറമെ ഡേവിഡ് മില്ലർ 24*ഉം യശസ്വി ജയ്സ്വാളും ശിവം ദുബെയും 22 റൺ വീതവും നേടി. വരുണ്‍ ചക്രവര്‍ത്തി രണ്ടും ശിവം മാവിയും പ്രസിദ്ധ് കൃഷ്‌ണയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത ഓവറിൽ 133 റൺസെടുത്തത്. രാജസ്ഥാൻ ബൗളർമാർക്ക് മുന്നില്‍ 36 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ദിനേശ് കാർത്തിക് 25ഉം നിതീഷ് റാണ 22ഉം റൺസെടുത്തു. രാജസ്ഥാനായി ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്‌ത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ ആറാമതെത്തി. അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള കൊൽക്കത്ത അവസാന സ്ഥാനക്കാരായി. 

'പക്വതയും ഉത്തരവാദിത്വവുമുള്ള ഇന്നിംഗ്‌സ്'; സഞ്ജുവിനെ പ്രശംസിച്ച് മുന്‍താരം