മറുപടി ബാറ്റിംഗില്‍ ബൗണ്ടറികളുമായി മനോഹര തുടക്കമാണ് വിരാട് കോലയും ദേവ്‌ദത്ത് പടിക്കലും ആര്‍സിബിക്ക് നല്‍കിയത്

ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore). രാജസ്ഥാനെതിരെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി മാക്‌സ്‌വെല്‍(Glenn Maxwell) വെടിക്കെട്ടിനൊടുവില്‍ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയവുമായി മൂന്നാം സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. അതേസമയം ഏഴാം സ്ഥാനത്ത് നിന്ന് ഒരുപടി മുന്നോട്ടുകയറാന്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനായില്ല. 

സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ്-149/9 (20), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-153/3 (17.1) 

ആര്‍സിബിയുടേത് അനായാസ ജയം

മറുപടി ബാറ്റിംഗില്‍ ബൗണ്ടറികളുമായി മനോഹര തുടക്കമാണ് വിരാട് കോലിയും ദേവ്‌ദത്ത് പടിക്കലും ആര്‍സിബിക്ക് നല്‍കിയത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 54-1 എന്ന നിലയിലായിരുന്നു ആര്‍സിബി. ആദ്യ വിക്കറ്റില്‍ ദേവ്‌ദത്തും കോലിയും 5.2 ഓവറില്‍ 48 റണ്‍സ് ചേര്‍ത്തു. 17 പന്തില്‍ 22 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലിനെ ആറാം ഓവറില്‍ മുസ്‌താഫിസൂര്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ വിരാട് കോലി(20 പന്തില്‍ 25) റിയാന്‍ പരാഗിന്‍റെ നേരിട്ടുള്ള ത്രോയില്‍ മടങ്ങി. 

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രീകര്‍ ഭരതും ഗ്ലെന്‍ മാക്‌സ്‌വെല്ലും അനായാസം റണ്‍സ് കണ്ടെത്തി.തുടക്കത്തില്‍ മാക്‌സ്‌വെല്ലിനേക്കാള്‍ അപകടകാരി ഭരതായിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കാനും മുസ്‌താഫിസൂര്‍ തന്നെ വേണ്ടിവന്നു. 16-ാം ഓവറിലെ അവസാന പന്തില്‍ ഭരത്(35 പന്തില്‍ 44) ലോംറോറിന്‍റെ കൈകളിലെത്തി. 

വെല്‍ മാക്‌സ്‌വെല്‍

എന്നാല്‍ തൊട്ടടുത്ത മോറിസിന്‍റെ ഓവറിലെ ആദ്യ പന്ത് സിക്‌സറിന് പറത്തി മാക്‌സി പിന്നോട്ടില്ലെന്ന് സൂചിപ്പിച്ചു. ഈ ഓവറില്‍ മൂന്ന് ഫോറുകള്‍ കൂടി നേടി മാക്‌സ്‌വെല്‍ വ്യക്തിഗത സ്‌കോര്‍ അമ്പത് തികച്ചു. 30 പന്തില്‍ നിന്നായിരുന്നു അര്‍ധ ശതകം. 22 റണ്‍സ് ഈ ഓവറില്‍ പിറന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയുമായി എബിഡി ബാംഗ്ലൂരിന്‍റെ ജയമുറപ്പിക്കുകയും ചെയ്തു. മാക്‌സ്‌വെല്‍ 50 റണ്‍സുമായും എബിഡി നാല് റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

രാജസ്ഥാന്‍റെ തുടക്കം സ്വപ്നതുല്യം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സടിച്ചു. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സിലെത്തിയ ശേഷമാണ് രാജസ്ഥാന്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത്.

37 പന്തില്‍ 58 റണ്‍സടിച്ച എവിന്‍ ലൂയിസാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. ആദ്യ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സടിച്ച രാജസ്ഥാന് അവസാന ഒമ്പതോവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 49 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും യുസ്‌വേന്ദ്ര ചാഹലും ഷഹബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീതവുമെടുത്തു.

ലൂയിസ്-ജയ്സ്വാള്‍ ഷോ

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്‌സ്വാളും നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് രാജസ്ഥാനെ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ജയ്സ്വാളും ലൂയിസും 8.2 ഓവറില്‍ 77 റണ്‍സടിച്ചു.

പവര്‍ പ്ലേയിലെ ആദ്യ രണ്ടോവറില്‍ എട്ട് റണ്‍സ് മാത്രമെടുത്ത രാജസ്ഥാന്‍ ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ മൂന്നാം ഓവറിലാണ് ആക്രമണം തുടങ്ങിയത്. മാക്സ്‌വെല്ലിനെതിരെ ജയ്‌സ്വാള്‍ ഇന്നിംഗ്സിലെ ആദ്യ സിക്സ് നേടിയതിന് പിന്നാലെ ആക്രമണം ഏറ്റെടുത്ത ലൂയിസ്, ഗാര്‍ട്ടന്‍ എറിഞ്ഞ നാലാം ഓവറില്‍ 18 റണ്‍സടിച്ചു. അഞ്ചാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെയെും സിക്സിനും ഫോറിനും പറത്തി ലൂയിസ് 13 റണ്‍സടിച്ചതോടെ രാജസ്ഥാന്‍ സ്‌കോര്‍ കുതിച്ചു. 22 പന്തില്‍ 31 റണ്‍സടിച്ച ജയ്‌സ്വാളിനെ ഡാന്‍ ക്രിസ്റ്റ്യന്‍ മടക്കിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ അഥിവേഗം 100 ലെത്തി.

നാടകീയ തകര്‍ച്ച

പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ 37 പന്തില്‍ 58 റണ്‍സടിച്ച ലൂയിസ് മടങ്ങി. അഞ്ച് ഫോറും മൂന്ന് സിക്സും പറത്തിയാണ് ലൂയിസ് 58 റണ്‍സടിച്ചത്. അതേ ഓവറിലെ അവസാന പന്തില്‍ സിക്സടിച്ച് സഞ്ജു കഴിഞ്ഞ മത്സരത്തിലെ ഫോം തുടരുമെന്ന് തോന്നിച്ചു. എന്നാല്‍ പതിമൂന്നാം ഓവറില്‍ മഹിപാല്‍ ലോമറോറിനെ(3) ചാഹല്‍ പുറത്താക്കി രാജസ്ഥാന്‍റെ കുതിപ്പ് തടഞ്ഞു.

പതിനാലാം ഓവറിലെ ആദ്യ പന്തില്‍ ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാദ് അഹമ്മദിനെ എക്സ്ട്രാ കവറിലൂടെ സിക്സിന് പറത്താനുള്ള സഞ്ജുവിന്‍റെ ശ്രമം ബൗണ്ടറിയില്‍ ദേവ്ദത്ത് പടിക്കലിന്‍റെ കൈകളിലൊതുങ്ങി. 15 പന്തില്‍ രണ്ട് സിക്സ് സഹിതമാണ് സഞ്ജു 19 റണ്‍സടിച്ചത്. അതേ ഓവറില്‍ രാഹുല്‍ തിവാട്ടിയയെയും(2) മടക്കി ഷഹബാസ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോടെ 100-1ല്‍ നിന്ന് 117-5ലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി.

പതിനേഴാം ഓവറില്‍ ലിയാം ലിവിംഗ്സ്റ്റണെ(6) ചാഹലും അവസാന ഓവറില്‍ റിയാന്‍ പരാഗിനെയും(9), ക്രിസ് മോറിസിനെയും(14) ചേതന്‍ സക്കറിയെയും(2) ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയതോടെ രാജസ്ഥാന്‍റെ പതനം പൂര്‍ത്തിയായി.

ഡികെയുടെ തലയ്‌ക്ക് നേരെ ആഞ്ഞുവീശി റിഷഭ് പന്ത്; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്- വീഡിയോ