Asianet News MalayalamAsianet News Malayalam

ഫാബുലസ് സീസണ്‍; റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഫാഫും റുതുരാജും

ഐപിഎല്ലില്‍ ഒരു സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ റണ്‍സ് കൂട്ടുകെട്ടാണ് ഇക്കുറി റുതുരാജും-ഫാഫും കൂട്ടിച്ചേര്‍ത്തത്

IPL 2021 Ruturaj Gaikwad and Faf du Plessis create record for third best partnership runs in a season
Author
Dubai - United Arab Emirates, First Published Oct 15, 2021, 9:17 PM IST

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ(Chennai Super Kings) റുതുരാജ് ഗെയ്‌ക്‌വാദും(Ruturaj Gaikwad), ഫാഫ് ഡുപ്ലസിസും(Faf du Plessis). സീസണില്‍ ചെന്നൈ ഫൈനലിലെത്തിയതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇരുവരും ടീമിന് നല്‍കുന്ന മികച്ച തുടക്കമായിരുന്നു. കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും(Kolkata Knight Riders) നന്നായി തുടങ്ങിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ ഒരു റെക്കോര്‍ഡ് ഇരുവരുടേയും പേരിലായി. 

ഐപിഎല്‍ ഫൈനല്‍: സൂപ്പര്‍ ഡൂപ്പര്‍ ഡൂപ്ലെസി, ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക്193 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ഒരു സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ റണ്‍സ് കൂട്ടുകെട്ടാണ് ഇക്കുറി റുതുരാജും-ഫാഫും കൂട്ടിച്ചേര്‍ത്തത്. സീസണിലാകെ ഈ സഖ്യം 756 റണ്‍സ് ചേര്‍ത്തു. പതിനാലാം സീസണില്‍ തന്നെ 744 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും പൃഥ്വി ഷായേയും ഇരുവരും പിന്തള്ളി. 2016ല്‍ 939 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സുമാണ് പട്ടികയില്‍ തലപ്പത്ത്. രണ്ടാമത് 2019ല്‍ 791 റണ്‍സ് ചേര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയും. 

റണ്ണൊഴുക്കിന്‍റെ ഋതു; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്

ഐപിഎല്‍ പതിനാലാം സീസണിലെ കലാശപ്പോരില്‍ ഗംഭീര തുടക്കമാണ് റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നല്‍കിയത്. ഇരുവരും പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 50 റണ്‍സ് ചേര്‍ത്തു. ചെന്നൈ ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ സുനില്‍ നരെയ്‌നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തില്‍ 32 റണ്‍സെടുത്ത റുതുരാജിനെ ലോംഗ് ഓഫില്‍ ശിവം മാവിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കരുതലോടെ തുടങ്ങി കത്തിക്കയറിയ ഫാഫ് ഡുപ്ലസിസ് 59 പന്തില്‍ 86 റണ്‍സെടുത്ത് ചെന്നൈ ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് പുറത്തായത്. ശിവം മാവിയുടെ പന്തില്‍ വെങ്കടേഷ് അയ്യര്‍ ക്യാച്ചെടുക്കുകയായിരുന്നു. റുതുരാജിനും ഫാഫിനുമൊപ്പം റോബിന്‍ ഉത്തപ്പയും(15 പന്തില്‍ 31) മൊയീന്‍ അലിയും(20 പന്തില്‍ 37*) തിളങ്ങിയപ്പോള്‍ ചെന്നൈ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സെടുത്തു. 

'തല' എന്നാ സുമ്മാവാ...ടി20 ക്യാപ്റ്റന്‍സിയില്‍ ധോണിക്ക് റെക്കോര്‍ഡ്, നേട്ടത്തിലെത്തുന്ന ആദ്യ നായകന്‍
 

Follow Us:
Download App:
  • android
  • ios