Asianet News MalayalamAsianet News Malayalam

ഗെയ്‌ല്‍ വന്നിട്ടും രക്ഷയില്ല; ഹോള്‍ഡര്‍ കൊടുങ്കാറ്റില്‍ പഞ്ചാബിനെ കുറഞ്ഞ സ്‌കോറില്‍ തളച്ച് ഹൈദരാബാദ്

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോള്‍ഡര്‍ കൊടുങ്കാറ്റോടെയായിരുന്നു മത്സരത്തിന്‍റെ തുടക്കം. അഞ്ചാം ഓവറില്‍ പന്തെടുത്ത ഹോള്‍ഡര്‍ ഓപ്പണര്‍മാരെ അഞ്ച് പന്തുകളുടെ ഇടവേളയില്‍ മടക്കി.

IPL 2021 SRH v Sunrisers Hyderabad needs 126 runs to win vs Punjab Kings
Author
Sharjah - United Arab Emirates, First Published Sep 25, 2021, 9:14 PM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ക്രിസ് ഗെയ്‌ല്‍(Chris Gayle) തിരിച്ചെത്തിയിട്ടും പഞ്ചാബ് കിംഗ്‌സിനെ(Punjab Kings) കുറഞ്ഞ സ്‌കോറില്‍ തളച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 27 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ജേസന്‍ ഹോള്‍ഡറാണ് പഞ്ചാബിനെ പൂട്ടിയത്. 

തുടക്കം ഹോള്‍ഡര്‍ കൊടുങ്കാറ്റോടെ 

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോള്‍ഡര്‍ കൊടുങ്കാറ്റോടെയായിരുന്നു മത്സരത്തിന്‍റെ തുടക്കം. അഞ്ചാം ഓവറില്‍ പന്തെടുത്ത ഹോള്‍ഡര്‍ ഓപ്പണര്‍മാരെ അഞ്ച് പന്തുകളുടെ ഇടവേളയില്‍ മടക്കി. കെ എല്‍ രാഹുല്‍ 21 പന്തില്‍ അത്രതന്നെ റണ്‍സെടുത്തും മായങ്ക് അഗര്‍വാള്‍ ആറ് പന്തില്‍ അഞ്ച് റണ്‍സുമെടുത്താണ് കൂടാരം കയറിയത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 29 റണ്‍സ് മാത്രമാണ് ടീമിനുണ്ടായിരുന്നത്. 

ടീമിലേക്കെത്തിയ ക്രിസ് ഗെയ്‌ല്‍(17 പന്തില്‍ 14) കൂറ്റന്‍ ഷോട്ടുകള്‍ക്ക് മടിച്ചപ്പോള്‍ 11-ാം ഓവറില്‍ റാഷിദ് ഖാന്‍ എല്‍ബിയില്‍ കുരുക്കൊരുക്കി. മറ്റൊരു വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെ നിലയുറപ്പിക്കാന്‍ സന്ദീപ് ശര്‍മ്മയും അനുവദിച്ചില്ല. 12-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ടാം സിക്‌സറിന് ശ്രമിച്ച പുരാനെ(4 പന്തില്‍ എട്ട്) സന്ദീപ് റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. ഒരുവശത്ത് കാലുറപ്പിക്കുമെന്ന് തോന്നിയ എയ്‌ഡന്‍ മര്‍ക്രാം 32 പന്തില്‍ 27 റണ്‍സെടുത്ത് അബ്‌ദുള്‍ സമദിന് മുന്നില്‍ കീഴടങ്ങിയതോടെ പഞ്ചാബ് 15 ഓവറില്‍ 93/5 എന്ന നിലയില്‍ വലിയ പ്രതിരോധത്തിലായി. 

അവസാന അഞ്ച് ഓവറില്‍ പഞ്ചാബ് കിംഗ്‌സ് 32 റണ്‍സ് മാത്രമാണ് നേടിയത്. 16-ാം ഓവറില്‍ ഹോള്‍ഡര്‍ വീണ്ടും മിന്നലായി. ഇതോടെ ദീപക് ഹൂഡ 10 പന്തില്‍ 13 റണ്‍സില്‍ വീണു. ഹര്‍പ്രീത് ബ്രാറും നേഥന്‍ എല്ലിസും പഞ്ചാബിനെ 17-ാം ഓവറില്‍ 100 കടത്തി. അവസാന ഓവറില്‍ വെടിക്കെട്ടിനുള്ള ശ്രമത്തിനിടെ നേഥന്‍ എല്ലിസ്(12 പന്തില്‍ 12) ഭുവിക്ക് മുന്നില്‍ കീഴടങ്ങി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഹര്‍പ്രീത് ബ്രാറും(18 പന്തില്‍ 18*), മുഹമ്മദ് ഷമിയും(0*) പുറത്താകാതെ നിന്നു. 

ഗെയ്‌ലിനെ ഇറക്കി പഞ്ചാബ്

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. അതേസമയം പഞ്ചാബ് കിംഗ്‌സില്‍ മൂന്ന് മാറ്റമുണ്ടായാരുന്നു. ഫാബിയന്‍ അലനും ഇഷാന്‍ പോരെലും ആദില്‍ റഷീദും പുറത്തിരിക്കുമ്പോള്‍ നേഥന്‍ എല്ലിസ്, ക്രിസ് ഗെയ്‌ല്‍, രവി ബിഷ്‌ണോയി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി. 

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്‌ല്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്‌ദീപ് സിംഗ്, നേഥന്‍ എല്ലിസ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, ഖലീല്‍ അഹമ്മദ്. 

 

Follow Us:
Download App:
  • android
  • ios