കൊല്‍ക്കത്ത: കൊവിഡ് മുക്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുൺ ചക്രവർത്തിയും മലയാളി പേസര്‍ സന്ദീപ് വാര്യരും വീട്ടിലേക്ക് മടങ്ങി. ഐപിഎല്ലിനിടെ ആദ്യം കൊവിഡ് ബാധിച്ചത് വരുണിനും സന്ദീപിനുമായിരുന്നു. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് കൊൽക്കത്ത ടീം മാനേജ്‌മെന്‍റ് അറിയിച്ചു. 

വൈദ്യപരിശോധനയ്‌ക്കായി ബയോ-ബബിളിന് പുറത്ത് പോകേണ്ടിവന്നതോടെയാണ് വരുൺ കൊവിഡ് പോസിറ്റീവായത്. ഇതിന് പിന്നാലെ സന്ദീപിനും ടിം സെയ്‌ഫെര്‍ട്ടിനും പ്രസിദ്ധ് കൃഷ്ണയ്‌ക്കും കൊവിഡ് ബാധിക്കുകയായിരുന്നു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി പ്രസിദ്ധ് കൃഷ്‌ണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങല്‍ ഒരിക്കലും ഇന്ത്യയില്‍ നടത്താനാവില്ല: സൗരവ് ഗാംഗുലി

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കൊല്‍ക്കത്ത താരങ്ങള്‍ക്ക് പുറമെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാരന്‍, ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി, സൺറൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽ‌സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona