Asianet News MalayalamAsianet News Malayalam

ഇതുവരെയുള്ള ഐപിഎല്‍ പ്രകടനങ്ങളില്‍ മികച്ചവര്‍ ആര്..? രണ്ട് പേരെ തിരഞ്ഞെടുത്ത് ലക്ഷ്മണ്‍

റോയല്‍ ചഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡിവില്ലിയേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍ എന്നിവരെയാണ് ലക്ഷ്മണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

IPL 2021, VVS Laxman selects best two performers so far
Author
Chennai, First Published Apr 20, 2021, 7:32 PM IST

ചെന്നൈ: ഐപിഎല്ലില്‍ ഇതിനോടകം ചില മികച്ച പ്രകടനങ്ങള്‍ വന്നുക്കഴിഞ്ഞു. സഞ്ജു സാംസണ്‍, ശിഖര്‍ ധവാന്‍, എബി ഡില്ലിയേഴ്‌സ്, ഹര്‍ഷല്‍ പട്ടേല്‍, ആന്ദ്രേ റസ്സല്‍, രാഹുല്‍ ചാഹര്‍ എന്നിവരുടെയെല്ലാം പ്രകടനം എടുത്തുപറയേണ്ടതാണ്. എന്നാല്‍ ഇതുവരെയുള്ള പ്രകടനങ്ങളില്‍ മികച്ച രണ്ട് താരങ്ങളെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും സണ്‍റൈസേഴ്‌സ് കോച്ചിംഗ് സംഘത്തിലെ ഒരാളുമായ വി വി എസ് ലക്ഷ്മണ്‍. റോയല്‍ ചഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡിവില്ലിയേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍ എന്നിവരെയാണ് ലക്ഷ്മണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ലക്ഷ്മണ്‍ പറയുന്ന കാരണങ്ങളിങ്ങനെ... ''ഐപിഎല്‍ 14-ാം സീസണില്‍ ഇതുവരെ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും എബി ഡിവില്ലിയേഴ്‌സും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ എട്ട് മാസത്തിനിടെ ധവാന്റെ മികച്ച പ്രകടനമാണിത്. യുഎഇയില്‍ കഴിഞ്ഞ ഐപിഎല്‍ ഉള്‍പ്പെടെയാണ് ഞാന്‍ പറയുന്നത്. ഇക്കാലയളവിനിടെ അദ്ദേഹം ഇത്രത്തോളം മനോഹരമായി കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം അണ്ടര്‍ 19, ഇന്ത്യ എ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്നത് ഓര്‍മവരുന്നു. ഒരു ഭീതിയും കാണിക്കാതെയാണ് ധവാന്‍ കളിക്കുന്നത്. 

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കൂടുതലായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഫോമിന് ഒരു കോട്ടവും വന്നിട്ടില്ല. ഡിവില്ലിയേഴ്‌സിന്റെ കാര്യവും വ്യത്യസ്ഥമല്ല. ഓരോ വര്‍ഷം കഴിയുമ്പോഴും പുതിയ ഷോട്ടുകളുമായി അദ്ദേഹം വരുന്നത് അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമോ എന്ന് ഉറപ്പില്ല. എങ്കിലും ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിനോട് കാണിക്കുന്ന ആത്മാര്‍ത്ഥത അഭിനന്ദനാര്‍ഹമാണ്.'' ലക്ഷ്മണ്‍ പറഞ്ഞുനിര്‍ത്തി. 

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. രണ്ട് ജയവും ഒരു തോല്‍വിയുമാണ് ഡല്‍ഹിയുടെ അക്കൗണ്ടിലുള്ളത്. ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാംഗ്ലൂര്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios