അയാള്‍ കളിക്കുന്ന പുള്‍ ഷോട്ടുകളും, അതുവഴി നേടുന്ന സിക്സും സ്പിന്നര്‍മാരെ ഗ്രൗണ്ടിന്‍റെ നാലുപാടും പായിക്കുന്ന ഷോട്ടുകളും അത്രമേല്‍ മനോഹരമാണ്. അയാള്‍ സെഞ്ചുറി നേടുന്നതിനെക്കാള്‍ മനോഹരമായ കാഴ്ച അധികംപേരില്‍നിന്നൊന്നും ഞാന്‍ കണ്ടിട്ടില്ല.

ദുബായ്: ഐപിഎല്ലില്‍(IPL2021) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) നായകനായ മലയാളി താരം സഞ്ജു സാംസണെ(Sanju Samson) പ്രശംസകൊണ്ട് മൂടി ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍.(Kevin Pietersen)ബാറ്റര്‍ എന്ന നിലയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കളിക്കാരിലൊരാളാണ് സഞ്ജു സാംസണെന്ന് പീറ്റേഴ്സണ്‍ സ്റ്റാര്‍ സ്പോര്‍ട്സിനേട് പറഞ്ഞു.

കാരണം അവിശ്വസനീയമാണ് അയാളുടെ ബാറ്റിംഗ്. അയാള്‍ കളിക്കുന്ന പുള്‍ ഷോട്ടുകളും, അതുവഴി നേടുന്ന സിക്സും സ്പിന്നര്‍മാരെ ഗ്രൗണ്ടിന്‍റെ നാലുപാടും പായിക്കുന്ന ഷോട്ടുകളും അത്രമേല്‍ മനോഹരമാണ്. അയാള്‍ സെഞ്ചുറി നേടുന്നതിനെക്കാള്‍ മനോഹരമായ കാഴ്ച അധികംപേരില്‍നിന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാറാവുന്നതില്‍ നിന്ന് അയാളെ തടയുന്ന ഒരേയൊരു കാര്യം സ്ഥിരതയില്ലായ്മയാണ്.

രാജസ്ഥാന്‍റെ നായകസ്ഥാനം സഞ്ജുവിന്‍റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ടാകാമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിന്‍റെ ബാറ്റിംഗിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ പഞ്ചാബ് കിംഗ്സ് നായകന്‍ കെ എല്‍ രാഹുലില്‍ നിന്ന് അയാള്‍ക്കേറെ പഠിക്കാനുണ്ട്. കാരണം, ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ അതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.

Scroll to load tweet…

ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്റ്റന്‍റെ റോളിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കേണ്ട കാര്യമില്ല. രാഹുലിനെപ്പോലെ ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കുക. ഞാന്‍ ബാറ്റിംഗിനിറങ്ങുകയാണ്. ഇത് ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കേണ്ട സമയമാണ്. ക്യാപ്റ്റന്‍റെ ചുമതലകള്‍ ഇതു കഴിഞ്ഞാവാം എന്ന് രാഹുലിനെപ്പോലെ മനസില്‍ പറഞ്ഞ് ബാറ്റിംഗിനിറങ്ങുകയാണ് സഞ്ജു ചെയ്യേണ്ടതെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

Scroll to load tweet…

ഇത്തവണ ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമടക്കം 351 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. സീസണിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ സഞ്ജു. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നിര്‍ണായക പോരാട്ടത്തിനിറങ്ങുകയാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍. അവസാന സ്ഥാനത്തുള്റ ഹൈദരാബാദിനെ മറികടന്ന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 375 റണ്‍സെടുത്ത സഞ്ജു റണ്‍വേട്ടയില്‍ പതിനാറാം സ്ഥാനത്തായിരുന്നു. ഈ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കൂടി ബാക്കിയുള്ളതിനാല്‍ കഴിഞ്ഞ സീസണിലെ പ്രകടം സഞ്ജു മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.