ഇപ്പോള്‍ മഴമാറി നില്‍ക്കുകയാണെങ്കിലും മൈതാനത്തിലെ ജലാംശം പൂര്‍ണമായും വറ്റിക്കാന്‍ ഏറെ സമയമെടുക്കും

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ താളംതെറ്റി പെയ്യുന്ന മഴയില്‍ താറുമാറായിരിക്കുകയാണ് ഐപിഎല്‍ 2023 ഫൈനല്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിന് ടോസിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ടോസിന് മുമ്പേ എത്തിയ മഴ മത്സരം അനിശ്ചിതത്തിലാക്കിയപ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് നല്ല സൂചനകളല്ല. 

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇടവിട്ട് മഴ പെയ്യുകയാണ്. ഇപ്പോള്‍ മഴമാറി നില്‍ക്കുകയാണെങ്കിലും മൈതാനത്തിലെ ജലാംശം പൂര്‍ണമായും വറ്റിക്കാന്‍ ഏറെ സമയമെടുക്കും. ഇനിയും മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അഹമ്മദാബാദില്‍ ഇന്ന് രാത്രി 9.35ന് ശേഷമാണ് മത്സരം തുടങ്ങുകയെങ്കില്‍ മാത്രമേ ഓവര്‍ വെട്ടിച്ചുരുക്കൂ. അല്ലാത്തപക്ഷം പൂര്‍ണ ഓവറുകളുള്ള മത്സരം നടക്കും. കട്ട്‌ഓഫ് ടൈമായ രാത്രി 12.26നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അംപയര്‍മാര്‍ പരിശോധിക്കും. ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്‌ചയിലേക്ക് നീങ്ങും. നാളെയും(തിങ്കളാഴ്‌ച) ആരാധകരെ കാത്തിരിക്കുന്നത് ശുഭ കാലാവസ്ഥാ സൂചനകളല്ല. നാളെയും അഹമ്മദാബാദില്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ മഴ പ്രവചിച്ചിട്ടുണ്ട്. ഇതോടെ ഐപിഎല്‍ ഫൈനലിന്‍റെ കാര്യത്തിലെ അനിശ്ചിതത്തം നീളുകയാണ്. 

അഹമ്മദാബാദില്‍ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും എത്തിയതാണ് മത്സരം വൈകിപ്പിച്ചത്. മഴയ്‌ക്ക് മുമ്പ് തന്നെ ഫൈനലിനായി കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. ഏഴ് മണിക്കാണ് ടോസിടേണ്ടിയിരുന്നത്. എന്നാല്‍ ടോസിന് അരമണിക്കൂറിലധികം മുമ്പ് മാത്രമെത്തിയ മഴ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പദ്ധതികളെല്ലാം തെറ്റിച്ചു. തുടക്കത്തില്‍ നേരിയ മഴയായിരുന്നെങ്കിലും പിന്നീട് മഴ കനക്കുകയും ഒപ്പം ഇടിമിന്നല്‍ കൂടുകയുമായിരുന്നു. മഴയ്‌ക്ക് മുമ്പ് തന്നെ പിച്ച് പൂര്‍ണമായും മൂടിയിരുന്നു. ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് ഇന്നലെ തന്നെ കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. കലാശപ്പോര് കാണാനെത്തിയ പതിനായിരക്കണക്കിന് ആരാധകരെ നിരാശയിലാക്കുകയായിരുന്നു ഇന്നത്തെ കനത്ത മഴയും ഇടിമിന്നലും. 

Read more: കനത്ത മഴയും ഇടിമിന്നലും തുടരുന്നു; ഐപിഎല്‍ ഫൈനല്‍ വൈകും; എങ്കിലും പോര് ഇന്നുതന്നെ നടക്കും!