ഞങ്ങള്‍ സെലക്‌‌ടറായിരുന്ന സമയത്ത് സഞ്ജു സാംസണ് ഓപ്പണറായി അവസരം നല്‍കിയിരുന്നു എന്ന് സരന്ദീപ് സിംഗ് 

ജയ്‌പൂര്‍: ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുമ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടംപിടിക്കാന്‍ കഴിയാതെ വന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ടീം ഇന്ത്യക്കായി ഇതുവരെ 11 ഏകദിനങ്ങളും 17 രാജ്യാന്തര ട്വന്‍റി 20കളും മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചത്. സ്ഥിരത ലഭിക്കാന്‍ സഞ്ജു ചെയ്യേണ്ടത് എന്താണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ സെലക്‌ടര്‍. 

ഞങ്ങള്‍ സെലക്‌‌ടറായിരുന്ന സമയത്ത് സഞ്ജു സാംസണ് ഓപ്പണറായി അവസരം നല്‍കിയിരുന്നു. സഞ്ജുവിന് നല്ല അവസരം നല്‍കിയിരുന്നു. എന്നാല്‍ ആ സമയത്ത് പ്രതീക്ഷിച്ച മികവിലേക്കുയരാന്‍ സഞ്ജുവിനായില്ല. ഏകദിന മത്സരങ്ങളില്‍ മധ്യനിര ബാറ്ററായി കളിച്ച കളികളില്‍ മികവ് കാട്ടാനായി. എന്നാല്‍ അതേസമയത്ത് മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും മികച്ച പ്രകടനം നടത്തിയിരുന്നു. ഇഷാന്‍ കിഷന്‍ അടുത്തിടെ ഇരട്ട സെഞ്ചുറി നേടി. എന്തായാലും റിഷഭ് പന്ത് പുറത്ത് നില്‍പ്പുണ്ട്. ദിനേശ് കാര്‍ത്തിക്കും കഴിഞ്ഞ വര്‍ഷം ഒരു തിരിച്ചുവരവ് നടത്തി. അതിനാലാണ് സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കാതിരുന്നത്. ഐപിഎല്‍ കിരീടം നേടിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലെത്താം എന്ന് തോന്നുന്നില്ല. റണ്‍സ് കണ്ടെത്തുന്നതാണ് പ്രധാനം. ഒരു ഐപിഎല്‍ സീസണില്‍ 700-800 റണ്‍സ് നേടിയാല്‍ തീര്‍ച്ചയായും ടീമിലെത്തും. ഐപിഎല്‍ കിരീടം നേടുന്നത് നിര്‍ണായകമാണ്. എങ്കിലും ബാറ്റിംഗ് പ്രകടനമാണ് പ്രധാനം എന്നും സരന്ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച നായകനായ സഞ്ജു സാംസണ്‍ 17 ഇന്നിംഗ്‌സില്‍ 458 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ആറ് ഇന്നിംഗ്‌സില്‍ 159 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് റോയല്‍സ് പരാജയപ്പെട്ടപ്പോള്‍ സഞ‌്ജുവിന് നാല് പന്തില്‍ 2 റണ്‍സേ നേടാനായുള്ളൂ. 

Read more: സഞ്ജു നിറംമങ്ങി, അർഹിച്ച ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്; ഫിനിഷിംഗ് മറന്ന് പരാഗും പടിക്കലും