ദുബായ്: ഐപിഎല്ലില്‍ ഇത്തവണ വൈകി തുടങ്ങിയ കളിക്കാരനാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സ്. അസുഖബാധിതനായ പിതാവിന്‍റെ ചികിത്സാര്‍ത്ഥം ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ വിട്ടു നിന്ന സ്റ്റോക്സ് തിരിച്ചെത്തിയശേഷവും പതിവു ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി സ്റ്റോക്സ് രാജസ്ഥാന്‍റെ വിജയശില്‍പിയായി.

സഞ്ജു സാംസണൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് സ്റ്റോക്സ് രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കെടാതെ കാത്തത്. ഈ സീസണില്‍ ഐപിഎല്ലലില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കളിക്കാരന്‍ ആരാണെന്ന് തുറന്നു പറയുകയാണിപ്പോള്‍ സ്റ്റോക്സ്. ഈ സീസണില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കളിക്കാരന്‍ രാജസ്ഥാന്റെ രാഹുല്‍ തിവാട്ടിയ ആണെന്ന് സ്റ്റോക്സ് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ തന്‍റെ പ്രതിഭ എന്താണെന്ന് തിവാട്ടിയ ഇത്തവണ ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു.

സത്യസന്ധമായി പറഞ്ഞാല്‍ തിവാട്ടി വെറുമൊരു ലെഗ് സ്പിന്നറാണെന്നാണ് ഞാനും കരുതിയിരുന്നത്. പക്ഷെ ബാറ്റ് കൊണ്ട് തനിക്ക് അത്ഭുതങ്ങള്‍ കാട്ടാനാകുമെന്ന് തിവിട്ടിയ തെളിയിച്ചു. ഈ സീസണില്‍ ഏറ്റവും അസ്വദിച്ച് കണ്ടത് തിവാട്ടിയയുടെ കളിയാണെന്നും സ്റ്റോക്സ് പറഞ്ഞു.

കരിയറില്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ഓസ്ട്രേലിയയുടെ പീറ്റര്‍ സിഡിലാണെന്നും സ്റ്റോക്സ് പറഞ്ഞു. 2013ല്‍ ഓസ്ട്രേലിയയെ നേരിട്ടപ്പോള്‍ കഠിനാധ്വാനിയായ സിഡിലിനെ നേരിടുക ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും സ്റ്റോക്സ് വ്യക്തമാക്കി. തന്‍റെ ടിമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്നതാരം എ ബി ഡിവില്ലിയേഴ്സ് ആണെന്നും സ്റ്റോക്സ് പറഞ്ഞു.