Asianet News MalayalamAsianet News Malayalam

പകരംവെക്കാനാവാത്ത പകവീട്ടല്‍, ബാംഗ്ലൂരിനുമേല്‍ ആളിക്കത്തി ഗെയ്ല്‍; ആവേശപ്പോരില്‍ പ‍ഞ്ചാബിന് രണ്ടാംജയം

മായങ്ക് പുറത്തായശേഷമാണ് ക്രിസ് ഗെയ്ല്‍ ക്രീസില്‍ അവതരിച്ചത്. പതിവുപോലെ പതിഞ്ഞ തുടക്കം. ആദ്യ 14 പന്തില്‍ ആറ് റണ്‍സ് മാത്രം നേടിയ ഗെയ്ല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു.

IPL2020 Chris Gayle and KL Rahul powers KXIP to second win
Author
Sharjah - United Arab Emirates, First Published Oct 15, 2020, 11:09 PM IST

ഷാര്‍ജ: ഒടുവില്‍ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ അവതരിച്ചു. ഫലമോ ഐപിഎല്ലില്‍ പഞ്ചാബിന് രണ്ടാം ജയം. ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും ക്രിസ് ഗെയ്‌ലിന്‍റെയും മായങ്ക് അഗര്‍വാളിന്‍റെയും ബാറ്റിംഗ് മികവില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് പഞ്ചാബ് സീസണിലെ രണ്ടാം ജയം കുറിച്ചത്. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 171/6, കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓവറില്‍ 20 ഓവറില്‍ 177/2.

49  പന്തില്‍ 61 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഗെയ്ല്‍ 45 പന്തില്‍ 53 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായി.ജയിച്ചിട്ടും പഞ്ചാബ് അവസാന സ്ഥാനത്ത് തന്നെയാണ്. തോറ്റെങ്കിലും ബാംഗ്ലൂര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.

പതിവ് തെറ്റിക്കാതെ  മായങ്കും രാഹുലും

IPL2020 Chris Gayle and KL Rahul powers KXIP to second winബാംഗ്ലൂരിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കം അനിവാര്യമായിരുന്നു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും കെ എല്‍ രാഹലും ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ എട്ടോവറില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 76 റണ്‍സ്. 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തിയ മായങ്ക് ആയിരുന്നു കൂട്ടത്തില്‍ ആക്രമണകാരി. ഒടുവില്‍ മായങ്കിനെ വീഴ്ത്തി ചാഹല്‍ പഞ്ചാബിന് ചെറിയൊരു ആശ്വാസം നല്‍കി.

ഗെയ്ല്‍ വന്നു കണ്ടു കീഴടക്കി

മായങ്ക് പുറത്തായശേഷമാണ് ക്രിസ് ഗെയ്ല്‍ ക്രീസില്‍ അവതരിച്ചത്. പതിവുപോലെ പതിഞ്ഞ തുടക്കം. ആദ്യ 14 പന്തില്‍ ആറ് റണ്‍സ് മാത്രം നേടിയ ഗെയ്ല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. രണ്ട് പടുകൂറ്റന്‍ സിക്സുകള്‍ ആ ഓവറില്‍ ഗെയ്‌ലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. നവദീപ് സെയ്നിയും ക്രിസ് മോറിസും ചേര്‍ന്ന് ഗെയ്‌ലിനെ രണ്ടോവര്‍ അടക്കി നിര്‍ത്തി.  എന്നാല്‍ മുഹമ്മദ് സിറാജ് എറിഞ്ഞ പതിനാറാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി ഗെയ്ല്‍ പഞ്ചാബിനെ ജയത്തിന്  അടുത്തെത്തിച്ചു.

IPL2020 Chris Gayle and KL Rahul powers KXIP to second winവാഷിംഗ്ടണ്‍ സുന്ദറിന്‍റെ അടുത്ത ഓവറിലും പിറന്നു ഗെയ്‌ലിന്‍റെ വക രണ്ട് പടുകൂറ്റന്‍ സിക്സുകള്‍. ജയമുറപ്പിച്ച പഞ്ചാബിന് പിന്നീടെല്ലാം വെറും ചടങ്ങുകള്‍ മാത്രമായി. 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിന്‍റെ പ്രകടനം ഗെയ്‌ലാട്ടത്തിന് മുന്നില്‍ നിഷ്പ്രഭമായി. 36 പന്തില്‍ അഞ്ച് സിക്സും ഒരു ഫോറും പറത്തി ഗെയ്ല്‍ അര്‍ധസെഞ്ചുറിയിലെത്തി.

അവസാന ഓവറിലെ ആന്‍റിക്ലൈമാക്സ്

യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ അവസാന ഓവറില്‍ ജയത്തിലേക്ക് രണ്ട് റണ്‍സെ വേണ്ടിയിരുന്നുള്ളുവെങ്കിലും പടിക്കല്‍ കലമുടക്കുന്ന പതിവ് പഞ്ചാബ് ഇത്തവണയും തെറ്റിച്ചില്ല. ആദ്യ രണ്ട് പന്തില്‍ റണ്ണെടുക്കാതിരുന്ന ഗെയ്ല്‍ മൂന്നാം പന്തില്‍ സിംഗിളെടുത്തു. ജയത്തിലേക്ക് ഒരു റണ്‍സകലം. നാലാം പന്തില്‍ രാഹുലിന് റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ റണ്ണിനായി രാഹുല്‍ ഗെയ്‌ലിനെ റണ്ണൗട്ടാക്കി. അവസാന പന്തില്‍ ജയത്തിലേക്ക് ഒരു റണ്‍സ് വേണമെന്നിരിക്കെ ചാഹലിനെ സിക്സിന് പറത്തി നിക്കൊളാസ് പുരാന്‍ പഞ്ചാബിന് വിജയതീരമണച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്രിസ് മോറിസിന്‍റെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 48 റണ്‍സെടുത്ത കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഷമിയുടെ അവസാന ഓവറില്‍ 24 റണ്‍സടിച്ചാണ് ബാംഗ്ലൂര്‍ മികച്ച സ്കോറിലെത്തിയത്. അവസാ ഓവറുകളില്‍ ആഞ്ഞടിച്ച ക്രിസ് മോറിസ് എട്ട് പന്തില്‍ 25 റണ്‍സടിച്ച് ബാംഗ്ലൂരിനെ പ്രതീക്ഷിച്ചതിലും അപ്പുറമെത്തിച്ചു. 49 പന്തില്‍ 61 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നപ്പോള്‍ ഗെയ്ല്‍ 45 പന്തില്‍ 53 റണ്‍സടിച്ച് പുറത്തായി. ഒരു പന്തില്‍ ആറ് റണ്ണുമായി പുരാനും പുറത്താകാതെ നിന്നു.

Follow Us:
Download App:
  • android
  • ios