ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയികളായപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് എ ബി ഡിവില്ലിയേഴ്സായിരുന്നു. 33 പന്തില്‍ 73 റണ്‍സടിച്ച ഡിവില്ലിയേഴ്സിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ബാംഗ്ലൂരിനെ 20 ഓവറില്‍ 194 റണ്‍സിലെത്തിച്ചത്. ഡിവില്ലിയേഴ്സിന്‍റെ പ്രകടനത്തെ അമാനുഷികം എന്നായിരുന്നു മത്സരശേഷം ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി വിശേഷിപ്പിച്ചത്.

കോലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഡിവില്ലിയേഴ്സാണ് 150 ല്‍ താഴെ ഒതുങ്ങുമായിരുന്ന ബാംഗ്ലൂര്‍ സ്കോര്‍ 194ല്‍ എത്തിച്ചത്.അവസാന അഞ്ചോവറില്‍ 83 റണ്‍സാണ് കോലിയും ഡിവില്ലിയേഴ്സും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ 70 റണ്‍സും ഡിവില്ലിയ്ഴ്സിന്‍റെ സംഭാവനയായിരുന്നു.സ്വാഭാവികമായും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഡിവില്ലിയേഴ്സായിരുന്നു.

ഷാര്‍ജയിലെ ചെറിയ ഗ്രൌണ്ടില്‍ തകര്‍പ്പന്‍ ബൌളിംഗ് പ്രകടനം കാഴ്ചവെച്ച ബാംഗ്ലൂര്‍ ബൌളര്‍മാരും ആരാധകരുടെ കൈയടി നേടിയിരുന്നു. യുസ്വേന്ദ്ര ചാഹലും വാഷിംഗ്ടണ്‍ സുന്ദറും വമ്പനടിക്കാരുള്ള കൊല്‍ക്കത്തയെ ശ്വാസം വിടാന്‍പോലും അനുവദിക്കാതെ ബുദ്ധിമുട്ടിച്ചു. ഇതില്‍ ചാഹലിന്‍റെ ബൌളിംഗ് പ്രകടനം എടുത്തു പറയേണ്ടതാണ്. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയാണ് ചാഹല്‍ കരുത്തുകാട്ടിയത്. കഴിഞ്ഞ മത്സരത്തില്‍ അതിവേഗം അര്‍ധസെഞ്ചുറി കുറിച്ച കാര്‍ത്തിക്കിന്‍റെ വിക്കറ്റ് മത്സരത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.

അതുകൊണ്ടുതന്നെ, ഇന്നലത്തെ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് ശരിക്കും അര്‍ഹന്‍ ചാഹലാണെന്ന് തുറന്നു പറയുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൌണ്ടറായ ബെന്‍ സ്റ്റോക്സ്. ബാറ്റ്സ്മാന്‍മാരുടെ കളിയില്‍, അതും ഷാര്‍ജയിലെപോലെ ചെറിയ ഗ്രൌണ്ടില്‍ തകര്‍പ്പന്‍ ബൌളിംഗ് കാഴ്ചവെച്ച ചാഹലായിരുന്നു ഇന്നലെ കളിയിലെ താരമാകേണ്ടിയിരുന്നതെന്ന് സ്റ്റോക്സ് ട്വീറ്റ് ചെയ്തു.

82 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയ ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ കൊല്‍ക്കത്തയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.