ദുബായ്: ഐപിഎല്ലില്‍ മിന്നല്‍ റണ്ണൗട്ടിലൂടെ പുറത്താക്കിയതിന് സഞ്ജു സാംസണ് ചെന്നൈ നായകന്‍ എം എസ് ധോണിയുടെ ക്ലാസ് മറുപടി. ദീപക് ചാഹറിന്‍റെ പന്തില്‍ സഞ്ജുവിനെ പറന്നുപിടിച്ചാണ് ധോണി, തന്നെ മിന്നല്‍ വേഗത്തില്‍ റണ്ണൗട്ടാക്കിയ സഞ്ജുവിന് മറുപടി നല്‍കിയത്.

നാലാം ഓവറില്‍ റോബിന്‍ ഉത്തപ്പ പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജുവിനെ ആദ്യ പന്തില്‍ തന്നെ ചാഹര്‍ വിറപ്പിച്ചു. മനോഹരമായ ഔട്ട് സ്വിംഗറില്‍ ബാറ്റുവെച്ച സഞ്ജുവിന്‍റെ ബാറ്റില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പന്ത് ധോണിയുടെ കൈകളില്‍. ചാഹറിന്‍റെ രണ്ടാം പന്ത് മുന്നോട്ട് കയറി സഞ്ജു പ്രതിരോധിച്ചു.

സ്വിംഗ് ചെയ്ത് ലെഗ് സ്റ്റംപിലേക്ക് പോകുകയായിരുന്ന ചാഹറിന്‍റെ മൂന്നാം പന്തില്‍ ബാറ്റ് വെച്ച സഞ്ജുവിന് പിഴച്ചു. ബാറ്റിലുരുമ്മി വിക്കറ്റിന് പിന്നിലേക്ക് പോയ പന്ത് ഇടത്തോട്ട് ഡൈവ് ചെയ്ത് മിന്നല്‍ ക്യാച്ചിലൂടെ കൈയിലൊതുക്കി ധോണി. ആ ക്യാച്ച് കണ്ട് സഞ്ജു പോലും അവിശ്വസനീയതയോടെ ഒരുനിമിഷം അമ്പരന്നു നിന്നു.  മൂന്ന് പന്ത് നേരിട്ട സഞ്ജു പൂജ്യനായി പുറത്തായി ഒരിക്കല്‍ കൂടി നിരാശ സമ്മാനിച്ച് മടങ്ങി.