ദുബായ്: ഐപിഎല്ലില്‍  ആധികാരിക വിജയങ്ങളുമായി ഫൈനല്‍ ഉറപ്പിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. എതിരിളികളെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന മുംബൈയുടെ കരുത്ത് അവരുടെ പേസ് നിരയാണ്. ട്രെന്‍റ് ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന പേസാക്രമണത്തെ ഫലപ്രദമായി നേരിടാന്‍ എതിരാളികള്‍ക്കാര്‍ക്കും ഇത്തവണ കഴിഞ്ഞിട്ടില്ല. 22 വിക്കറ്റുമായി ബോള്‍ട്ടും 27 വിക്കറ്റുമായി ബുമ്രയും വിക്കറ്റ് വേട്ടയില്‍ മുന്നിലുണ്ട്. ഇതില്‍ ബുമ്രയുടെ പ്രകടനം വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെപ്പോലും അതിശയിപ്പിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം കപില്‍ ദേവിനെയോ ജവഗല്‍ ശ്രീനാഥിനെയോ, മനോജ് പ്രഭാകറെയോ നേരിടാന്‍ താന്‍ തയാറാണെന്നും എന്നാല്‍ ബുമ്രയെ നേരിടുക എന്നത് വലിയ വെല്ലുവിളിയാണെന്നും ലാറ പറഞ്ഞു. കരിയറിലെ പ്രതാപകാലത്താണെങ്കില്‍ പോലും ബുമ്രയെ നേരിടുക വെല്ലുവിളിയാണ്. എന്‍റെ കരിയറിന്‍റെ കാലത്ത് ദക്ഷിണാഫ്രിക്കയുടെ മഖായ എന്‍റിനി ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പന്തുകളുടെ ആംഗിളും ബുമ്രയുടേതിന് സമാനമായിരുന്നു. എന്തായാലും ബുമ്രയെപ്പോലൊരു ബൗളറെ നേരിടേണ്ട വെല്ലുവിളി വന്നിരുന്നെങ്കില്‍ ഒരിക്കലും പിന്നോട്ട് പോവില്ലായിരുന്നുവെന്നും ലാറ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറ‍ഞ്ഞു.

ജസ്പ്രീത് ബുമ്രയയെയും രാജസ്ഥാന്‍റെ ജോഫ്ര ആര്‍ച്ചറെയും ഏത് കാലഘട്ടത്തിലെയും ഏറ്റവും മികച്ച പേസ് ബൗളര്‍മാരുടെ കൂട്ടത്തില്‍ കണക്കാക്കാമെന്നും ലാറ പറഞ്ഞു. അത് എഴുപതുകളോ, എണ്‍തുകളോ, 2000ന് ശേഷമോ എത് കാലഘട്ടമെടുത്താലും ബുമ്രയെയും ആര്‍ച്ചറെയും നമുക്ക് ഉള്‍പ്പെടുത്താനാവും. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഏത് ഫോര്‍മാറ്റിലും വിജയിക്കാനുള്ള കാരണം അവ്‍ ടി20യിലും ടെസ്റ്റ് മത്സരങ്ങളിലെ ലെംഗ്ത്തില്‍ പന്തെറിയുന്നത് കൊണ്ടാണ്.

ടി20 ക്രിക്കറ്റില്‍ അവര്‍ ഒരുപാട് സ്ലോ ബോളുകളൊന്നും എറിയുന്നത് കണ്ടിട്ടില്ല. സ്റ്റംപിന് നേരെ എറിയുക, അല്ലെങ്കില്‍ എഡ്ജ് ചെയ്യിക്കുക, ഇടക്കിടെ ഷോര്‍ട്ട് ബോളെറിഞ്ഞ് ബാറ്റ്സ്മാനെ ഞെട്ടിക്കുക, ഇതാണവരുടെ ബൗളിംഗ് പ്ലാന്‍. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാമെന്നും ലാറ പറഞ്ഞു.