ദുബായ്: ഐപിഎല്ലില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുന്ന കളിക്കാരനുള്ള പർപ്പിൾ ക്യാപ്പ് നേടുന്നതിനേക്കാൾ ഡൽഹി ക്യാപിറ്റല്‍സ് കിരീടം നേടുന്നത് കാണാനാണ് ആഗ്രഹമെന്ന് ഡല്‍ഹി പേസര്‍  കാഗിസോ റബാദ. യുവതാരങ്ങളാണ് ഡൽഹിയുടെ കരുത്തെന്നും ദക്ഷിണാഫ്രിക്കൻ പേസർ പറയുന്നു.

ബൗളിംഗിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ മാരകായുധമാണ് കാഗിസോ റബാദ.ഐപിഎല്ലിൽ തുട‍ച്ചയായ എട്ട് കളിയിൽ രണ്ടോ അതിലേറെയൊ വിക്കറ്റ് നേടുന്ന ആദ്യ ബൗളറുമാണ് ദക്ഷിണാഫ്രിക്കൻ പേസർ.

ഈ സീസണിൽ രണ്ട് കളിയിൽ അ‍ഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാ‍‍ദ ഡൽഹിക്കായി ഇതുവരെ 30 കളിയിൽ 36 വിക്കറ്റ് നേടിയിട്ടുണ്ട്. സൂപ്പ‍ർ ഓവർ സ്പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന റബാദ പക്ഷെ, വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ടീമിന്‍റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നത്.

കഴിവ് തെളിയിക്കാൻ പരസ്പരം മത്സരിക്കുന്ന യുവതാരങ്ങളാണ് കാപിറ്റൽസിന്‍റെ കരുത്തെന്ന് റബാദ പറയുന്നു. സീനിയർ താരങ്ങളുടെ പിന്തുണ കൂടിയാവുമ്പോൾ കാപിറ്റൽസ് ഇത്തവണ സമ്പൂർണ ടീമായി
മാറിയെന്നും റബാദ പറഞ്ഞു.