ദുബായ്: ഐപിഎല്ലില്‍ തുടര്‍ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാനം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതില്‍ ഇന്നലെ കരുത്തരായ മുംബൈ രണ്ട് സൂപ്പര്‍ ഓവറുകള്‍ നീണ്ട മത്സരത്തിലാണ് പഞ്ചാബ് കീഴടക്കിയത്. നിശ്ചിത ഓവറിലും ആദ്യ സൂപ്പര്‍ ഓവറിലും ടൈ ആയതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ രണ്ടാം സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു.

ആദ്യ സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ വിജയറണ്ണിനായി ഓടിയ ഡീകോക്കിനെ രാഹുല്‍ ഡൈവ് ചെയ്ത് റണ്ണൗട്ടാക്കിയതോടെയാണ് മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ 11 റണ്‍സടിച്ചെങ്കിലും ക്രിസ് ഗെയ്‌ലിന്‍റെയും മായങ്ക് അഗര്‍വാളിന്‍റെയും ബാറ്റിംഗ് മികവില്‍ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. വിക്കറ്റിന് പിന്നിലും ബാറ്റുകൊണ്ടും തിളങ്ങിയ രാഹുല്‍ നായകനെന്ന നിലയിലും മികവ് പുറത്തെടുത്തിരുന്നു.

ഇതോടെ ഇന്ത്യയുടെ പുതിയ 'തല'(ആരാധകര്‍ എം എസ് ധോണിയെ സ്നേഹപൂര്‍വം വിളിക്കുന്ന പേര്) ആണ് രാഹുലെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ഗജല്‍ എന്നൊരു ആരാധകന്‍ രാഹുല്‍ വീണുകിടന്ന് റണ്ണൗട്ടാക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എന്‍റെ തല എന്ന് കമന്‍റിട്ടപ്പോള്‍ ഇതിന് മറുപടി നല്‍കാന്‍ രാഹുല്‍ നേരിട്ട് രംഗത്തെത്തി.

ഒരേയൊരു 'തല'യെ ഉള്ളഉ ഗജല്‍, അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാഹുലിന്റെ മറുപടി. മത്സരത്തില്‍ 51 പന്തില്‍ 77 റണ്‍സടിച്ച രാഹുലായിരുന്നു പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.